ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ ഭര്‍ത്താവ് മാധവന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം (എം.ജെ.ഡി.എം.കെ) എന്നു പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ നടന്നു. എംജിആര്‍ അമ്മ ദീപ പേരവൈ എന്ന പേരില്‍ മാര്‍ച്ച് 18ന് ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടിക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ ദീപയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലല്ല. അവരെ ദുഷ്ട ശക്തികള്‍ സ്വാധീനിക്കുകയാണ്. അതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും മാധവന്‍ പ്രതികരിച്ചു. ദീപയുടേത് എംജിആര്‍ അമ്മ ദീപ പേരവൈ, രാഷ്ട്രീയ വേദിയാണെന്നും താന്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി മൂന്നു മാസം സംവദിച്ചും പിന്തുണ തേടിയുമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആര്‍കെ നഗറില്‍ താന്‍ മത്സരിക്കുമെന്നും മാധവന്‍ അറിയിച്ചു. അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാധവന്‍ പാര്‍ട്ടി പ്രഖ്യാപിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം മാധവന്‍ നിരസിച്ചു.