X

ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍(60) അന്തരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, ജയരാജ് എന്നിവരുടേത് ഉള്‍പ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകള്‍ക്ക് ദൃശ്യഭാവം പകര്‍ന്ന ഛായാഗ്രാഹകനാണ് എം.ജെ. രാധാകൃഷ്ണന്‍. അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആസ്പത്രിയിലായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. അവിടെനിന്ന് ഭാര്യ ലതയാണ് എസ്.യു.ടി ആസ്പത്രിയില്‍ എത്തിച്ചത്. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് അവസാന ചിത്രം. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച നിരവധി ചിത്രങ്ങള്‍ കാന്‍, ടൊറന്റോ, ചിക്കാഗോ, റോട്ടര്‍ഡാം മേളകളില്‍ പ്രദര്‍ശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി. അതിലൂടെ ഗോള്‍ഡന്‍ കാമറ അവാര്‍ഡും നേടി.

ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടു പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു സംസ്ഥാന പുരസ്‌കാരം. പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.

chandrika: