ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തിയെന്നും അതുമൂലം മാധ്യമ പ്രവര്‍ത്തക രാജിവെക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണി ആരോപണമുന്നയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി സമീപിക്കുന്നയാളാണ് അക്ബര്‍ എന്നാണ് തന്റെ ട്വിറ്ററിലൂടെ പ്രിയ രമണി വെളിപ്പെടുത്തിയിരിക്കുന്നത്. ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്ററാണ് പ്രിയ രമണി.
എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു.
‘അക്ബറിനെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനില്‍ക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അത് തുറന്നു പറയാന്‍ തയാറായിട്ടുണ്ട്. നാം അത് ഗൗരവമായി പരിഗണിക്കണം’മേനക ഗാന്ധി പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകള്‍. ഇപ്പോള്‍ അവര്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മേനക ആവശ്യപ്പെട്ടു.
അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് മേനക. നേരത്തെ, വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനോട് വിഷയത്തില്‍ പ്രതികരണം ചോദിച്ചുവെങ്കിലും മന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.