X

സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ്; വീഡിയോ വൈറല്‍

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍. ക്രിക്കറ്റില്ലെങ്കിലും സ്മിത്ത് ജീവിക്കുമെന്നും മകന്‍ എല്ലാറ്റിനേയും അതിജീവിക്കുമെന്നും പിതാവ് പറയുന്നുണ്ട്.

പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞിരുന്നു. എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. സംഭവിച്ചതിന്റെയെല്ലാം ഉത്തരാവാദിത്തം എനിക്കാണ്. എന്റെ നേതൃത്വത്തിന് തെറ്റുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും വ്യക്തമാക്കിയശേഷമാണ് സ്മിത്ത് പൊട്ടിക്കരഞ്ഞത്.

 

‘ഇതില്‍ നിന്ന് എന്തുപഠിച്ചു എന്ന് ചോദിച്ചാല്‍, ഇത് മറ്റുള്ളവര്‍ക്കും ഒരു പാഠമാണ്. ഒരു തെറ്റ് ചെയ്തുപോയി. അതിന്റെ അനന്തരഫലം അനുഭവിക്കുന്നു. ചെയ്തുപോയ കാര്യങ്ങള്‍ ജീവിതാവസാനം വരെ എന്നെ വേട്ടയാടുമെന്നറിയാം. കാലം എല്ലാം മായ്ക്കുമെന്നും. മികച്ച കളിയിലൂടെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. ക്രിക്കറ്റ് എന്റെ ജീവിതമാണ്. അത് അതുപോലെ തുടരും. എല്ലാത്തിനും മാപ്പ്. ഞാന്‍ ശരിക്കും തകര്‍ന്നുപോയി. എന്റെ കുടുംബാംഗങ്ങളെപ്പോലും ഞാന്‍ നാണംകെടുത്തി’. അമ്മ കരഞ്ഞുപോയൊന്നും സ്മിത്ത് പറഞ്ഞു.

chandrika: