ഭരണഘടനാദത്തമായ അധികാരത്തെ എങ്ങനെ തങ്ങളുടെ നിക്ഷിപ്ത-സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാമെന്നതിന് ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി വിശേഷിച്ചും നിരവധി ഉദാഹരണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഇതിനകം തന്നെ വെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ അധിക്ഷേപിച്ച് പുറത്താക്കുക എന്ന ശൈലി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ സുപ്രീംകോടതിയുടെ അതിരൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയ ഒരു നടപടി. സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഉന്നത പൊലീസ് മേധാവിയെ ഇടുങ്ങിയ കക്ഷിതാല്‍പര്യങ്ങള്‍ വെച്ച് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നുമാറ്റിയ നടപടി റദ്ദാക്കുകയും അദ്ദേഹത്തിന് തല്‍പദവി തിരിച്ചുനല്‍കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നടപടിയെ അന്യായം, ഏകപക്ഷീയം, രാഷ്ട്രീയപ്രേരിതം എന്നീ പദങ്ങള്‍കൊണ്ടാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ദീപക്ഗുപ്ത എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ മാറുമ്പോള്‍ കേരളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുക എന്ന കീഴ്‌വഴക്കം മുന്‍കാലങ്ങളില്‍ അപൂര്‍വമായിപ്പോലും ഉണ്ടാകാത്തതാണ്. ഇവിടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് തെറ്റായ റിപ്പോര്‍ട്ട് ചമച്ച് അദ്ദേഹത്തെ രണ്ടാം ദിവസം തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഡയറക്ടറായായാരിന്നു സെന്‍കുമാറിന്റെ നിയമനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പുകൂടി ഏറ്റെടുത്തശേഷം ഡി.ജി.പിയോട് കൂടി ആലോചിക്കാതെയായിരുന്നു പൊടുന്നനെയുള്ള സ്ഥലംമാറ്റം. ഇതിനുപറഞ്ഞ കാരണമാകട്ടെ തീര്‍ത്തും നിസ്സാരവും അപക്വവും. ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സെന്‍കുമാറിന്റെ നടപടികള്‍ ജനങ്ങളുടെ അതൃപ്തിക്കിരയായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. മാത്രമല്ല, നിയമസഭയില്‍ സെന്‍കുമാര്‍ ആര്‍.എസ്.എസുകാരനാണെന്നു പറയാനും മുഖ്യമന്ത്രി തയ്യാറായി.
സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ മുമ്പ് മിക്കവാറുമെല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും പഴികേട്ടിട്ടുള്ളയാളാണ് സെന്‍കുമാര്‍. സത്യത്തില്‍ സെന്‍കുമാറിനെതിരായ സി.പി. എമ്മിന്റെയും അതിന്റെ മുഖ്യമന്ത്രിയുടെയും ഈര്‍ഷ്യക്ക് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സി.പി.എമ്മിനെതിരായ ചില പ്രമാദമായ കേസുകളില്‍ ഡി.ജി.പി എടുത്ത നിലപാടുകളും നടപടികളുമായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെതിരായി നടപടിയെടുക്കാന്‍ സെന്‍കുമാര്‍ തയ്യാറായത് നൂറു ശതമാനം ന്യായമായ കാരണങ്ങളാലായിരുന്നു. ജയരാജനെ കതിരൂര്‍ കേസില്‍ അറസ്റ്റുചെയ്യാന്‍ പൊലീസും അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കാണിച്ച ആര്‍ജവം നീതിയും നിയമവും കാംക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രശംസാര്‍ഹമായിരുന്നു. ജിഷ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നുവെന്ന് കണ്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ കയറ്റി താറടിക്കാനാണ് സി.പി. എമ്മും ഇടതുപക്ഷവും ശ്രമിച്ചത്. പിന്നീടുവന്ന സര്‍ക്കാരാകട്ടെ സെന്‍കുമാര്‍ നിയോഗിച്ച പൊലീസ് സംഘത്തിന്റെ നടപടി പിന്തുടര്‍ന്നാണ് പ്രതിയെ ബംഗാളില്‍ നിന്ന് അറസ്റ്റു ചെയ്തത്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടക്കേസിലും കുറ്റക്കാരായ പൊലീസിനെതിരായ റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയ പോലെ എങ്ങനെയും സെന്‍കുമാറിനെ കുടുക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു സര്‍ക്കാരിനെന്നാണ് ജനത്തിന് ബോധ്യമായത്. ഇതിനായി അന്നത്തെ ആഭ്യന്തര വകുപ്പു സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയോട് തെറ്റായ റിപ്പോര്‍ട്ട് എഴുതിവാങ്ങുകയായിരുന്നു പിണറായി സര്‍ക്കാര്‍. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്ന് കോടതിവിധിയില്‍ തന്നെ എടുത്തുപറയുന്നത് ഇതുകൊണ്ടാണ്.
- 8 years ago
chandrika
Categories:
Video Stories