നൗഷാദ് ചേങ്ങപ്ര
തിരൂര്‍: ഈ വര്‍ഷം പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിനെതിരെ വ്യാപക പരാതികള്‍. ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റില്‍ പേരിനും ഇനീഷ്യലിനുമിടയില്‍ സ്‌പേസോ കുത്തോ ഇല്ലാതെ അച്ചടിച്ചതാണ് പരാതികള്‍ക്ക് കാരണമാക്കിയത്. ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളിലാണ് തെറ്റുള്ളത്.സ്‌പേസോ കുത്തോ ഇല്ലാതെ പേരിനൊപ്പം ഇനീഷ്യലും കൂടിച്ചേര്‍ന്നത് മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇനീഷ്യല്‍ പേരിനൊപ്പം കൂടിയത് മൂലം പലര്‍ക്കും സ്വന്തം പേര് തന്നെ മാറിയിട്ടുമുണ്ട്.
സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന പ്രോഗ്രാമില്‍ സ്‌പെഷ്യല്‍ അക്ഷരങ്ങള്‍ ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. എന്‍.ഐ.സിയാണ് സര്‍ട്ടിഫിക്കറ്റിനുള്ള പ്രോഗ്രാം തയ്യാറാക്കിയതെന്നും അടുത്ത അധ്യായന വര്‍ഷത്തിലെ സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നമുണ്ടാകില്ലെന്നും നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്തി നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്ന ഗുരുതര തെറ്റ് വിദ്യാഭ്യാസ വകുപ്പിന്റെയും പരീക്ഷാ ജോയിന്റ് ഡയറക്ടറുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്‌പേസോ കുത്തോ നല്‍കാത്തത് പലരുടെയും പേരുകള്‍ തന്നെ മാറാന്‍ ഇടയാക്കിയതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിഷയത്തില്‍ കാര്യക്ഷമത കാണിക്കേണ്ടതിന് പകരം നിരുത്തരപരമായിട്ടാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ് പുതിയ പരാതിക്ക് ഇടയാക്കിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിന് ശേഷം പരിശോധിക്കാത്തതാണ് തെറ്റിന് ഇടയാക്കിയിട്ടുള്ളത്,
പുതിയ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് മാറ്റി നല്‍കുന്നതിന് പകരം പേര് തിരുത്തി നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തിരുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ അന്യ സംസ്ഥാന യൂണിവേഴ്‌സിറ്റികളും വിദേശ യൂണിവേഴ്‌സിറ്റികളടക്കം സ്വീകരിക്കുമോയെന്ന ഭയാശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് വന്ന ഇത്തരം തെറ്റുകള്‍ തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് വിദ്യാര്‍ത്ഥിയുടെ ഉപരി പഠനം ആശങ്കയുണ്ടാക്കുമോ എന്ന ഭീതിയുമുണ്ട്. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുമ്പോഴും ഇത്തരം തെറ്റു തിരുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വിലങ്ങുതടിയാകുമോ എന്നതും വിദ്യാര്‍ത്ഥികളെ ആശങ്കയിലായ്ത്തുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തെറ്റ് തിരുത്താന്‍ വേണ്ടി വ്യാപക അപേക്ഷ ലഭിച്ചപ്പോഴാണ് സംഭവത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാറിന് ബോധ്യം വന്നത്. ഇതോടെ തെറ്റ് തിരുത്താന്‍ തിരുവനന്തപുരം വരെ കയറിയിറങ്ങണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തിരുത്തി നല്‍കാനുള്ള ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ തീരുമാനം മൂലവും തെറ്റ് തിരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍.ഡി.ഡി ഓഫീസുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരും.