ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടതായി വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നൽ ലഭിച്ചതായും ദൗത്യസംഘം അറിയിച്ചു. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്.ആന പൂർണ ആരോഗ്യവാനാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് ചിന്നക്കനാലില്‍ ഇന്നലെ നടന്നത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചത്.
അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.