ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേര്‍ക്കുവേണ്ടിയുള്ള നാലാം ഘട്ട പരിശോധന നിര്‍ണ്ണായക ഘട്ടത്തില്‍. തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. അര്‍ജുന്റെ ട്രക്ക് തന്നെയാണോയെന്നതില്‍ സ്ഥിരീകരണമില്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ കണ്ടെത്തിയത്.
തിരച്ചില്‍ ലോറിയിലേതാണെന്ന് സംശയിക്കുന്ന തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.
അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.