X

‘കാണാതായ കുതിര വീട്ടില്‍ തിരിച്ചെത്തി; ആസിഫ മടങ്ങിയെത്തിയില്ല’; ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ പിതാവ്

ന്യൂഡല്‍ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ കുടുംബം. സ്‌കൂളില്‍ പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്‍ കാട്ടില്‍ പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്‍കുട്ടിയായിരുന്നു കൊല്ലപ്പെട്ട ആസിഫ.

എല്ലാ ദിവസവും കുതിരകളേയും ആടുകളേയും തെളിച്ച് തിരിച്ച് ഫാംഹൗസില്‍ എത്തിക്കുന്നത് പ്രിയ മകള്‍ ആസിഫയായിരുന്നുവെന്ന് വളര്‍ത്തുപിതാവ് പറഞ്ഞു. കൂട്ടത്തില്‍ ഏതെങ്കിലുമൊന്നിനെ കാണാതായാല്‍ പാറക്കെട്ടുകള്‍ക്കു മുകളിലൂടെ ഓടിച്ചെന്ന് കാട്ടില്‍ നിന്നും അവരെ പിടികൂടുമായിരുന്നു. സ്‌കൂളില്‍ പോവുകയോ എണ്ണല്‍ പഠിക്കുകയോ അവള്‍ ചെയ്തിട്ടില്ലെങ്കിലും ഓരോ വൈകുന്നേരവും ഫാം ഹൗസിലേക്ക് കുതിരയേയും മറ്റും അവള്‍ എണ്ണിയാണ് തിരിച്ചു കയറ്റിയിരുന്നതെന്ന് അയാള്‍ പറയുന്നു.

മകളെ കാണാതായ ജനുവരിമാസത്തില്‍ പത്താം തിയ്യതി വരെ കൂട്ടത്തിലെ ഒരു കുതിരയെ കാണാനില്ലായിരുന്നു. കാണാതായ ആ കുതിര ഒരു ദിവസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ മകള്‍ മാത്രം തിരിച്ചെത്തിയില്ല. ഒടുവില്‍ കാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുനിന്ന് മകളുടെ മൃതദേഹമാണ് കണ്ടുകിട്ടിയതെന്ന് ആ പിതാവ് കണ്ണീരോടെ പറഞ്ഞു. പ്രായത്തിലും കൂടുതല്‍ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. കാടിന്റെ വന്യതയെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് സാംബ ജില്ലയില്‍ താമസമുള്ള മുത്തച്ഛന്‍ പറഞ്ഞു. പത്തുകൊല്ലം മുമ്പ് ജമ്മുകാശ്മീരിലുണ്ടായ ഒരു അപകടത്തില്‍ മകന്റെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ വളര്‍ത്താന്‍ മറ്റൊരു കുടുംബത്തിന് നല്‍കിയതെന്നും കുടംുബം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് മകളെ അവസാനമായി കണ്ടതെന്ന് പിതാവ് പറഞ്ഞു. അവള്‍ വലുതാവുമ്പോള്‍ തിരിച്ചുവരുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നതെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസമാണ് കത്വ പെണ്‍കുട്ടിയുടെ കൊലപാതകവുമായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

chandrika: