തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 7292 കുട്ടികളെ കാണാതായിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ കാണാതായ ഇവരില്‍ 241 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നതും ഞെട്ടിക്കുന്നതാണ്.
ഈ വര്‍ഷം ഇതുവരെ 1194 കുട്ടികളെ കാണാതായതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള 52 കുട്ടികളുടെ വിവരം ലഭിച്ചിട്ടില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും അവരെ കാണാതാകുന്ന കേസിലും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും മിസിങ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2011ല്‍ 952 കുട്ടികളാണ് കാണാതായത്. ഇവരില്‍ 923 പേരെ കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ 1079 കുട്ടികളെ കാണാതായപ്പോള്‍ 1056 പേരെ പൊലീസ് കണ്ടെത്തി. 2013ല്‍ കാണാതായവര്‍ 1208ഉം കണ്ടെത്തിയവര്‍ 1188മാണ്. 2011ല്‍ കാണാതായ കുട്ടികളില്‍ 29 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
2012 ആയപ്പോള്‍ മിസിങ് കേസുകള്‍ ഉയര്‍ന്നെങ്കിലും കണ്ടെത്താനുള്ളവരുടെ എണ്ണം 23 ആയി കുറക്കുവാന്‍ സാധിച്ചു. 2013ല്‍ കാണാതായവരിലാണ് ഏറ്റവും അധികം പേരെ കണ്ടെത്താനുള്ളത്. 90 കുട്ടികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. 2014ല്‍ 34ഉം 2015ല്‍ 13 കുട്ടികളും തിരികെ വീട്ടിലെത്തിയിട്ടില്ല. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 52 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
2011ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ 2016ല്‍ ഇത് ഇരട്ടിയിലധികമായി. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമീണമേഖലകളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതാകുന്നതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. മാത്രമല്ല നഷ്ടപ്പെടുന്നതിലേറെയും പെണ്‍കുട്ടികളാണെന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. പ്രധാനമായി ഭിക്ഷാടനമാഫിയയാണ് കുട്ടികളെ തട്ടിയെടുക്കുന്നതിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഭവങ്ങളും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.