ബംഗളൂരു: പക്ഷാഘാതം ശമിപ്പിക്കാന്‍ മന്ത്രവാദം നടത്തി 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പിടിയിലായവരില്‍ സ്ത്രീയും കൗമാരക്കാരനും പെടുന്നു. മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. അയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് വാസില്‍ (42), റഷീദുന്നീസ (38), നസീം താജ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം കൗമാരക്കാരനും പിടിയിലായി.
നസീമിന്റെ ഇളയ സഹോദരനു പക്ഷാഘാതം ബാധിച്ചിരുന്നു. രോഗം ഭേദമാക്കാന്‍ ഇവര്‍ മന്ത്രവാദചികിത്സ നടത്തുന്ന നസീം താജിനെ സമീപിച്ചു. 40 ദിവസങ്ങള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലി നല്‍കണമെന്നു മന്ത്രവാദി ആവശ്യപ്പെട്ടു. ഇയാളുടെ സഹായിയായിരുന്നു റഷീദുന്നീസ. മന്ത്രവാദത്തിനായി അയല്‍വാസിയായ 10 വയസുകാരിയെ വാസിലും കൗമാരക്കാനും ചേര്‍ന്നു തട്ടികൊണ്ടു പോയി. ഹൊസഹള്ളി റോഡിലുള്ള ദര്‍ഗയില്‍ എത്തിച്ച ശേഷം മന്ത്രവാദം നടത്തുകയും കൊലപ്പെടുത്തുകയായിരുന്നു എന്ന് രാമനാഗര്‍ എസ്പി രമേശ് ബന്നൂത് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് വിജനമായ സ്ഥലത്ത് തള്ളി.
അയിഷയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം വാസിലും കൂടി. കഴിഞ്ഞ ദിവസം വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, വാസിലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.