സോള്‍: കൊറിയന്‍ ഖേലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇരു കൊറിയകളുടെ മിസൈല്‍ പോര്. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയാണ് ആദ്യം മിസൈല്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയയുടെ ഒരു ബാലിസ്റ്റിക് മിസൈല്‍ തീരത്തിന് തൊട്ടടുത്ത് പതിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. ഏകദേശം 60 കിലോമീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ വീണത്. ഒരു മണിക്കൂറിന് ശേഷം ദക്ഷിണകൊറിയയുടെ പോര്‍വിമാനങ്ങള്‍ മൂന്ന് വ്യോമ-ഭൂതല മിസൈലുകള്‍ ദക്ഷിണകൊറിയയുടെ സമുദ്രാതിര്‍ത്തിയിലേക്ക് തൊടുത്തു.
സംഘര്‍ഷം കണക്കിലെടുത്ത് രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലയില്‍ ചില വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. ഇവിടെ യാത്രാ വിമാനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ കര്‍ശനമായി നേരിടുമെന്ന് ദക്ഷിണകൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാവ് അറിയിച്ചു. 2018ല്‍ സംഘര്‍ഷം കുറയ്ക്കാനായി ഇരു കൊറിയകള്‍ സ്ഥാപിച്ച നാവിക ബഫര്‍സോണിലേക്ക് ഉത്തരകൊറിയ നൂറോളം ഷെല്ലുകള്‍ വര്‍ഷിച്ചു. 23 മിസൈലുകളാണ് ബുധനാഴ്ച ഉത്തരകൊറിയ വിക്ഷേപിച്ചത്. ഉത്തരകൊറിയ പ്രകോപനം തുടരുകയാണെങ്കില്‍ ബങ്കറുകളില്‍ അഭയം തേടാന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് സോള്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമേരിക്കയോടൊപ്പം ചേര്‍ന്ന് ദക്ഷിണകൊറിയ തുടരുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തരകൊറിയെ പെട്ടെന്ന് പ്രകോപിപ്പിച്ച കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് തീരദേശ നഗരമായ സോക്‌ചോയില്‍ ദക്ഷിണകൊറിയ ദേശീയ ടെലിവിഷനിലൂടെ വ്യോമാക്രണ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് സുക് സോള്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.
ഈ വര്‍ഷം ഉത്തരകൊറിയ നിരവധി ആയുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടന്ന 2019ലേതിന്റെ ഇരട്ടിയിലേറെ വരും ഇതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ആണവ പരീക്ഷണത്തിനും ഉത്തരകൊറിയയില്‍ അണിയറ നീക്കം നടക്കുന്നതായി അമേരിക്ക ആരോപിക്കുന്നു.