വാഷിങ്ടന്‍: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിനെ നിരീക്ഷിച്ചു വരികയാണെന്നു യുഎസ്. ഈ ആഴ്ച അവസാനം ചൈനയുടെ റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. മേയ് എട്ടിന് റോക്കറ്റ് ഭൗമാന്തരീക്ഷത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങളെച്ചൊല്ലി ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് ബഹിരാകാശ ഗവേഷകര്‍ റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്.
‘തിരിച്ചുവരവിന്’ മണിക്കൂറുകള്‍ക്കു മുന്‍പുമാത്രമായിരിക്കും റോക്കറ്റിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന കൃത്യമായ മേഖല കണ്ടെത്താന്‍ സാധിക്കുകയെന്ന് യുഎസ് സ്‌പേസ് കമാന്‍ഡ് പ്രതികരിച്ചു. റോക്കറ്റ് ഭൂമിയിലെത്തുന്നതുവരെ യന്ത്രഭാഗങ്ങള്‍ എവിടെയെന്ന് എല്ലാ ദിവസവും 18ാം സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രണ്‍ നിരീക്ഷിച്ചു വിവരങ്ങള്‍ നല്‍കും. മേയ് നാലു മുതല്‍ ഈ പ്രക്രിയ ആരംഭിച്ചു. USSPACECOM ഉം ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കും.
ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്ന റോക്കറ്റ് ന്യൂയോര്‍ക്കിന്റെ വടക്ക്, ബെയ്ജിങ്, ന്യൂസീലന്‍ഡ് എന്നിവയ്ക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ടെന്നു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രഭാഗങ്ങളിലോ, ഒറ്റപ്പെട്ട പ്രദേശങ്ങളിലോ വീഴാനാണു സാധ്യത.