X

സ്ത്രീവിരുദ്ധ കമന്റ്; നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു പ്രമുഖ വ്യക്തിയില്‍നിന്ന് കുറേ നാളുകളായി ഹണി റോസ് നേരിട്ടിരുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ കമന്റിട്ടവര്‍ക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കുകയും 27 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു.

‘ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നു’ -എന്നാണ് പ്രമുഖ വ്യക്തിയുടെ പേര് പറയാതെ നടി തുറന്നടിച്ചത്. പ്രസ്തുത വ്യക്തി ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

താന്‍ പേരുപറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

webdesk18: