X
    Categories: MoreViews

കുട്ടികരുത്തായി ഇന്ത്യന്‍ ഫുട്‌ബോളില്‍ മിസോ വസന്തം

കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പ് കിരീടം മിസോറം തിരിച്ചുപിടിച്ചു. ഇന്നലെ വൈകീട്ട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറം കിരിടം നേടിയത്. 90 ാം മിനുട്ടില്‍ മിസോറമിന്റെ ലാല്‍ഫക്കുസലെയാണ് വിജയ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ മേഘാലയുടെ ഫെയര്‍ലിസ്റ്റാര്‍ സുടിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിനെക്കാനായില്ല.

അഞ്ചാം തവണയാണ് മിസോറം ദേശീയ സബ് ജൂനിയര്‍ കിരീടം നേടുന്നത്. 2010ലാണ് അവസാനമായി ജേതാക്കളാകുന്നത്. ഐ ലീഗിലെ അതികായകരായ ഐസ്വാള്‍ ക്ലബ്ബിന്റെ നാട്ടില്‍ നിന്നാണ് മിസോറം ടീം വരുന്നത്. ഐസ്വാളിന്റെ വളര്‍ച്ചയാണ് ടീമിന് പ്രചോദനമായതെന്ന് പരിശീലകര്‍ പറയുന്നു. അതേസമയം ഐസ്വാള്‍ അക്കാദമിയില്‍ പരിശീലിക്കുന്ന ഒരു താരവും ടീമിലില്ല. കാര്യമായ സര്‍ക്കാര്‍ സഹായമില്ലാത സ്വന്തം നിലയില്‍ നടത്തുന്ന അക്കാദമികളില്‍ പരിശീലനം നേടുന്ന താരങ്ങളാണ് ടീമിലുള്ളത്. സെലക്ഷന്‍ട്രയല്‍സിലൂടെയാണ് താരങ്ങളെ തെരഞ്ഞെടുത്തത്.
സോണല്‍ മത്സരത്തില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടീം ഫൈനല്‍ റൗണ്ടില്‍ എത്തിയത്. കോഴിക്കോട്ട് നടന്ന ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും കേരളവുമായി സമനില നേടുകയും ചെയ്തു. സെമിയില്‍ നിലവിലെ ജേതാക്കളായ ബംഗാളിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ഉറപ്പാക്കിയത്. ലാല്‍ റാം പുയ, ലാല്‍ നൂണ്‍സംഗ ,സോ സാംഗ്പുയ എന്നിവരാണ് ടീമിന്റെ മുഖ്യ താരങ്ങള്‍, വനാര്‍ക്ക് മാവിയയാണ് പരിശീലകന്‍. വിജയികള്‍ക്കും രണ്ടാംസ്ഥനക്കാര്‍ക്കും ട്രോഫികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനിച്ചു. കെ.എഫ്.എ സെക്രട്ടറി പി അനില്‍കുമാര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡി.എഫ്.എ സെക്രട്ടറി പി ഹരിദാസ്, പി.സി കൃഷ്ണകുമാര്‍, ഒ സുരേഷ്ബാബു എന്നിവര്‍ സംബന്ധിച്ചു.

chandrika: