X

‘വൈദ്യുതി ബോര്‍ഡിൽ കെടുകാര്യസ്ഥത, ഇന്ന് കടം 45,000 കോടി’; ജീര്‍ണത ബാധിച്ച സിപിഎം തകര്‍ച്ചയിലേക്കെന്ന് വി.ഡി സതീശന്‍

വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ ദോഷഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്‍റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ മൂന്നാമത്തെ തവണ ചാര്‍ജ് കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യില്‍ പണമില്ലാത്ത സര്‍ക്കാരാണ് അനര്‍ഹരമായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വര്‍ഷമായി ഈ സര്‍ക്കാര്‍ എവിടെയായിരുന്നു.

ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകള്‍ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് വൈകുന്നു എന്നും സതീശന്‍ ചോദിച്ചു.

സിപിഎം തകര്‍ച്ചയിലേക്കാണ് പോകുന്നത്. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.

എല്‍ഡിഎഫില്‍ നില്‍ക്കുന്ന ജോസ് കെ. മാണിയുടെ വിശ്വാസ്യത ചോദ്യ ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. വാര്‍ത്തായ്ക്ക് പിന്നില്‍ ഞങ്ങളല്ല. അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചരണം ഞങ്ങള്‍ നടത്തില്ല. ചര്‍ച്ച നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിപിഎം നേതാവ് ജി. സുധാകരനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമെന്നും വി.ഡി. വ്യക്തമാക്കി.  കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മന്ത്രിമാരില്‍ ഞാന്‍ വിമര്‍ശിക്കാത്ത ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വ്വമായിട്ടാണ് പെരുമാറിയത്. ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂര്‍വ്വമായി പൊതുമരാമത്ത് മന്ത്രിമാര്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രത്യേക ആദരവും സ്‌നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ അസ്തിത്വത്തേയോ പാര്‍ട്ടിയോടുള്ള കൂറിനേയോ ചോദ്യംചെയ്യില്ല’, സതീശന്‍ പറഞ്ഞു.

webdesk13: