X

കള്ളാക്കുറിച്ചി വിഷമദ്യദുരന്തം; 42 മരണം, 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദർശിക്കും.

കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് 26 പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം.

രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്.

webdesk14: