X

പെരുമാറ്റ ദൂഷ്യം; മകനെ ഉന്നത സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി

ടോക്കിയോ: പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. മകന്‍ ഷൊട്ടോരോയെ പദവിയില്‍നിന്ന് നീക്കിയതായും പകരം മറ്റൊരാളെ നിയമിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് വര്‍ഷാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സ്വകാര്യ പാര്‍ട്ടി സംഘടിപ്പിക്കുകയും അനുചിതമല്ലാത്ത ഫോട്ടോകള്‍ എടുക്കുകയും ചെയ്തതാണ് കിഷിദയുടെ മകന്‍ ചെയ്ത തെറ്റ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സഹായിയെന്ന നിലയില്‍ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാളില്‍നിന്ന് പൊതുസ്ഥലത്ത് വെച്ച് സംഭവിക്കാന്‍ പാടില്ലാത്ത പെരുമാറ്റമാണ് മകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പേരില്‍ കിഷിദ മകനെ ശാസിച്ചിരുന്നെങ്കിലും പ്രതിപക്ഷ വിമര്‍ശനവും ജനരോഷവും അടങ്ങിയിരുന്നില്ല. ഷൊട്ടോരോ പുറത്താക്കാന്‍ വൈകിയെന്നും നേരത്തെ പിരിച്ചുവിടേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് സെയ്ജി ഒസാക പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് വിവാദ പാര്‍ട്ടി നടന്നത്. 2005ല്‍ പുതിയ ഓഫീസ് നിര്‍മിക്കുന്നതു വരെ ജാപ്പനീസ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയിയാരുന്നു ഇത്. പ്രധാനമന്ത്രിയുടെ സെക്രട്ടറിമാരില്‍ ഒരാളായി കിഷിദ സ്വന്തം മകനെ നിയമിച്ചതിനെതിരെ രാജ്യത്ത് നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് കിഷിദയുടെ മകനെതിരെ മുമ്പും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലും പാരിസിലും സ്വകാര്യ സന്ദര്‍ശനത്തിന് എംബസി കാറുകള്‍ ഉപയോഗിച്ചതിനും പിതാവിനോടൊപ്പമുള്ള യാത്രക്കിടെ ലണ്ടനിലെ ആഡംബര ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍നിന്ന് മന്ത്രിസഭാംഗങ്ങള്‍ക്ക് സോവനീറുകള്‍ വാങ്ങിയതിനും ഷൊട്ടോരോയെ ശാസിച്ചിരുന്നു. മൂന്ന് മാസത്തിനിടെ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുടുങ്ങി കിഷിദയുടെ മന്ത്രിസഭയില്‍നിന്ന് നാല് മന്ത്രിമാര്‍ക്കാണ് പുറത്തുപോകേണ്ടിവന്നത്.

webdesk11: