തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടു. വിഷയത്തില്‍ ലോകയുക്തയില്‍ ഭിന്ന അഭിപ്രായം വന്നതോടെയാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും.ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ആണ് വിധി പ്രസ്താവിച്ചത്.
ദുരിതാശ്വാസനിധി കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്.
അന്തരിച്ച എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.