X

വിശ്വാസികളുടെ മിഅ്‌റാജ്-ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

റജബ് ചിന്തകളില്‍ ഇസ്‌റാഉം മിഅ്‌റാജും ഉള്‍പ്പെടുന്നതിനാല്‍ സ്വാഭാവികമായും നമസ്‌കാരം ഈ ചിന്തകളില്‍ വിഷയമായി കടന്നുവരും. വിശദമായി ചിന്തിക്കാനും അത് പുതുക്കാനും മാത്രം പ്രാധാന്യമുള്ളതാണ് നമസ്‌കാരം. ഇസ്‌ലാമിലെത്തിയ ഒരാള്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ഏറ്റവും വലിയ ആരാധനയാണത്. ഏറ്റവും വലിയ എന്ന വിശേഷണത്തിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്. ഏറ്റവും അധികം നിര്‍വഹിക്കപ്പെടേണ്ടത് എന്നതാണ് അവയിലൊന്ന്. വിവേചന ബുദ്ധിയോടെ പ്രായപൂര്‍ത്തി പ്രായം കടന്ന എല്ലാവര്‍ക്കും എന്നും അഞ്ചു നേരം ചെയ്യാനുള്ളതാണ്. ലിംഗം, പ്രായം, രോഗം, കാരണം തുടങ്ങി ഒരു വിവേചനവും നമസ്‌കാരത്തിന്റെ കാര്യത്തിലില്ല. മുസ്‌ലിമായ ഒരാള്‍ക്ക് ഒരിക്കലും നമസ്‌കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നമസ്‌കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞുകിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിനും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നമസ്‌കരിക്കണമെന്നുമാണ് വിധി. നോമ്പും ഹജ്ജും സക്കാത്തുമൊന്നും ഇത്രയധികം ഒരു വിശ്വാസി ചെയ്യുന്നില്ല. ഏറ്റവും അധികം പ്രതിഫലമുള്ളത് എന്നതാണ് മറ്റൊരു അര്‍ഥം. ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മമേതാണ് എന്ന് ഒരാള്‍ ആരാഞ്ഞപ്പോള്‍ കൃത്യസമയത്തെ നമസ്‌കാരം എന്നായിരുന്നു നബി തിരുമേനിയുടെ മറുപടി. മാത്രമല്ല, വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസം തന്നെ നമസ്‌കാരമാണ് എന്ന് നബി (സ) പാഞ്ഞിട്ടുണ്ട്.

ഏറ്റവും വലിയ ആത്മീയ ശുദ്ധീകരണ കാരകമാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ പ്രാധാന്യം വിവരിച്ചുതരാന്‍ നബി തിരുമേനി ഉപയോഗിച്ച ഉദാഹരണം ഈ അര്‍ഥത്തെ അനാവരണം ചെയ്യുന്നുണ്ട്. സ്വന്തം മുമ്പിലൂടെ കടന്നുപോകുന്ന ശുദ്ധജല വാഹിനിയില്‍ ദിനം അഞ്ചുനേരം നീരാടുന്നു എങ്കില്‍ അയാളുടെ മേനിയില്‍ ഒരു അഴുക്കും അവശേഷിക്കാത്തതുപോലെ അഞ്ചു നേരം നമസ്‌കരിക്കുന്നവനില്‍ പാപങ്ങള്‍ ഒന്നും അവശേഷിക്കില്ല എന്നായിരുന്നു നബിയുടെ ആശയം. എന്തോ ചെറിയ തെറ്റു പറ്റിപ്പോയി അതിലുള്ള വ്യാധിയോടെ താന്‍ പ്രായശ്ചാത്ത ശിക്ഷ വരെ ഏറ്റുവാങ്ങാന്‍ വന്ന ഒരു സ്വഹാബിയുടെ കഥ ഇമാം മുസ്‌ലിം അനസ് ബിന്‍ മാലികില്‍ നിന്നും ഉദ്ധരിക്കുന്നുണ്ട്. അന്ന് നബി കേസ് പരിഗണനക്കെടുക്കുന്നതിനുമുമ്പെ നമസ്‌കാരത്തിന് സമയമായി. നമസ്‌കാരം കഴിഞ്ഞ് പരാതിക്കാരനെ കുറിച്ച് അയാള്‍ നമസ്‌കാരത്തിന് നമ്മുടെ കൂടെയുണ്ടായിരുന്നുവോ എന്ന് ആരായുകയുണ്ടായി. ഉണ്ടായിരുന്നു എന്നു മറുപടി കിട്ടിയതും അയാളുടെ പാപം അതോടെ പൊറുക്കപ്പെട്ടു എന്ന് പറയുകയുണ്ടായി. ചെറുപാപങ്ങളെ കയ്യോടെ പൊറുപ്പിക്കാനുള്ള നമസ്‌കാരത്തിന്റെ കഴിവ് മറ്റു പല ഹദീസുകളിലും വന്നിട്ടുള്ളതാണ്. അഞ്ചു നമസ്‌കാരങ്ങള്‍ അവക്കിടയില്‍ ഭവിക്കുന്ന തെറ്റുകളുടെ പ്രായശ്ചിത്തമാണ് എന്ന സ്വഹീഹായ ഹദീസ് അവയിലൊന്നാണ്. ഈ വിഷയത്തോട് ചില ചിന്തക പണ്ഡിതന്മാര്‍ ചേര്‍ത്തു വായിക്കുന്ന ഒരു നിരീക്ഷണമുണ്ട്. അത് നമസ്‌കാരത്തിലെ റക്അത്തുകളുമായി ബന്ധപ്പെട്ടതാണ്. റക്അത്തുകളുടെ എണ്ണത്തിലെ ഏറ്റവ്യത്യാസം അവ നിര്‍വഹിക്കപ്പെടുന്ന സമയത്തിലെ തെറ്റിന്റെ സാധ്യത പരിഗണിച്ചു കൊണ്ടാണ് എന്നാണ് ആ നിരീക്ഷണം. രാത്രി മനഷ്യന്‍ ഉറങ്ങുന്ന സമയമായതുകൊണ്ടും താരതമ്യേന തെറ്റുകളുടെ സാധ്യത കുറവായതിനാലുമാണ് സുബ്ഹ് വെറും രണ്ടു റക്അത്തായത് എന്ന് അവര്‍ പറയും.

ഇവ്വിധം നമസ്‌കാരം പാപങ്ങളെ കഴുകിക്കളയുന്നതിന്റെ ന്യായം മനുഷ്യന്‍ തന്റെ സ്രഷ്ടാവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നത് നമസ്‌കാരത്തിനിടെയാണ് എന്നതാണ്. അങ്ങനെ അതും നമസ്‌കാരത്തിന്റെ മഹാത്മ്യമായിമാറുന്നു. വിശ്വാസിക്ക് റബ്ബിലേക്ക് ചുവടുവെച്ച് അടുക്കുന്ന മാനസിക പ്രതീതിയാണ് നമസ്‌കാരം പകരുന്നത്. നമസ്‌കാരത്തിലെ ഓരോ ചലനവും അവന് ഓരോ ചുവടാണ്. നമസ്‌കാരത്തിനുവേണ്ടി അംഗസ്‌നാനം ചെയ്യുമ്പോള്‍ മുതല്‍ അതനുഭവപ്പെട്ടുതുടങ്ങുന്നു. നിയ്യത്തിന്റെ പിന്‍ബലത്തോടെ ഓരോ അവയവങ്ങള്‍ കഴുകിയും തുടച്ചുമെടുക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം പാപങ്ങള്‍ ഒലിച്ചുപോകുന്നതായി അവന് തോന്നും. പിന്നെ അവന്‍ ഭൂമധ്യ ബിന്ദുവിലേക്ക് തിരിഞ്ഞുനിന്ന് തന്റെ വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനമായി ബാങ്കും ഇഖാമത്തും പ്രഘോഷണം ചെയ്യുന്നു. ഇതോടെ ശരീരവും മനസ്സും സജ്ജമായി. ഇനി പ്രാര്‍ഥനയാണ്. പ്രാര്‍ഥനയിലേക്ക് വലിയ ഒരാമുഖത്തോടെയാണ് കടക്കുന്നത്. അതിന്റെ ഉള്ളടക്കം റബ്ബിനെ വാഴ്ത്തുകയും മഹത്വവത്കരിക്കലുമാണ്. വാഴ്ത്തലിന്റെ ഓരോ വചനങ്ങളും മനസിന്റെ ഓരോ ചുവടാണ്. ഏതാനും ചുവടുകള്‍ വെക്കുന്നതോടെ അവന്‍ ദൈവ സന്നിധാനത്തിലെത്തിയതു പോലെയാകും. നീ, നിന്നോട് എന്നൊക്കെ അഭിസംബോധന ചെയ്യാവുന്ന അത്ര അടുത്ത് എത്തും. അതോടെ അവനും സ്രഷ്ടാവിനും ഇടയില്‍ മറകള്‍ മാഞ്ഞുപോകും. ഇവ്വിധം തന്നോട് അടുത്തുനില്‍ക്കുന്ന അടിമയോട് അവന്റെ ചെറിയ തെറ്റുകള്‍ പൊറുക്കാന്‍ കരുണാവാരിധിയായ അല്ലാഹു മനസ്സുകാണിക്കും എന്നതുറപ്പാണല്ലോ. ഈ അര്‍ഥത്തിലാണ് നമസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജാണ് എന്നു പറയാറുള്ളത്. കയറിക്കയറി അടുത്തെത്തലാണല്ലോ മിഅ്‌റാജ്. ഒരു ദാസന്‍ തന്റെ റബ്ബിനോട് ഏറ്റവുമധികം അടുക്കുക അവന്‍ നമസ്‌കരിക്കവെ ആയിരിക്കുമെന്ന് നബി(സ).

മനുഷ്യസംസ്‌കരണത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ആരാധന എന്നതാണ് മറ്റൊരു അര്‍ഥം. നോമ്പ് സഹനത്തെയും ഹജ്ജ് സമര്‍പ്പണത്തെയും സക്കാത്ത് കാരുണ്യത്തെയുമെല്ലാം ഉണ്ടാക്കുന്നു എന്നത് പോലെ നമസ്‌കാരം മനുഷ്യനില്‍ സാംസ്‌കാരിക അച്ചടക്കത്തെ ഉണ്ടാക്കിത്തീര്‍ക്കുന്നു. ഒരര്‍ഥത്തില്‍ ആദ്യം പറഞ്ഞ ഗുണങ്ങള്‍ക്കെല്ലാം വേദിയും വീഥിയും ഒരുക്കുന്നതാണ് ഈ ആത്മ സംസ്‌കരണം. അല്ലാഹു പറയുന്നു: നബിയേ അങ്ങേക്ക് അവതീര്‍ണമായ ഈ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും ചെയ്യുക. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നമസ്‌കാരം തടയുന്നതാണ് (അന്‍കബൂത്ത്: 45). ഈ സംസ്‌കരണം സാധ്യമാകുന്നത് രണ്ടു വഴിയിലൂടെയാണ്. ഒന്നാമതായി മേല്‍പറഞ്ഞ അര്‍ഥത്തിലുള്ള നമസ്‌കാരത്തില്‍നിന്ന് പകരുന്ന ആത്മീയ വിചാരം വഴി. രണ്ടാമതായി അത് കൃത്യമായും നിരന്തരമായും ആവര്‍ത്തിക്കപ്പെടുക വഴി നമസ്‌കാരം ജീവിത താളമായി തീരുക വഴിയും. ഈ രണ്ട് കൈവഴികളിലൂടെ വരുന്ന സ്വാധീനം വന്‍ കുറ്റങ്ങളില്‍നിന്ന് മനുഷ്യനെ അകറ്റുക തന്നെ ചെയ്യും. ചെറു പാപങ്ങള്‍ ആണെങ്കിലോ നേരത്തെ ഹദീസ് പറഞ്ഞതു പോലെ പൊറുക്കപ്പെട്ടു പോയിക്കൊണ്ടേയിരിക്കും. നമസ്‌കാരത്തിന്റെ പാപനാശ ശക്തി ഇസ്‌ലാമിക സംസ്‌കൃതിയില്‍ മദ്യനിരോധന ഘട്ടത്തില്‍ കണ്ടതാണ്. അതിന്റെ രണ്ടാം ഘട്ടത്തില്‍ മദ്യാസക്തിയില്‍ നമസ്‌കാരത്തെ സമീപിക്കരുത് എന്നായിരുന്നു കല്‍പ്പന. അത് നല്ലൊരു സ്വാധീനം ചെലുത്തുകയുണ്ടായി എന്ന് ചരിത്രം പറയുന്നു.

ഭൗതികമായി നമസ്‌കാരം വിശ്വാസിക്ക് നല്‍കുന്ന ഏറ്റവും വലിയ ദാനം മാനസിക ഉന്മേഷവും ആരോഗ്യവുമായിരിക്കും. ഇവിടെ രണ്ട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാമതായി പൊതുവെ ധ്യാനത്തിന് മനുഷ്യന്റെ മനസിലും ശരീരത്തിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം.

നമസ്‌കാരം പകരുന്ന മനശാന്തിയും ഏകാഗ്രതയും കാണാന്‍ നബി (സ)യിലേക്ക് പോയാല്‍ തന്നെ മതി. ജനങ്ങളെ സന്മാര്‍ഗത്തിലേക്കു നയിക്കുന്നതിനിടയില്‍ നബിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ അധികവും മാനസിയമായി വേട്ടയാടുന്നവയായിരുന്നു. ഒരു ഭാഗത്ത് ശത്രുക്കളുടെ പരിഹാസവും ആരോപണവും നിറഞ്ഞ വാക്കുകളും നീക്കങ്ങളും. സ്വന്തം ക്യാമ്പിനുള്ളില്‍ കടന്നുകൂടി കപടവിശ്വാസികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അസ്വസ്ഥതകള്‍, കുടുംബത്തിനുള്ളില്‍ ഉണ്ടാവുന്ന കൊച്ചു കൊച്ചു പിണക്കങ്ങള്‍.. ഇങ്ങനെ നിരന്തരമായ പ്രശ്‌നങ്ങള്‍ക്കു മുമ്പിലായിരുന്നുവല്ലോ ആ ജീവിതം. പ്രശ്‌നങ്ങള്‍ ആ മനസിനെ മഥിക്കുമ്പോള്‍ അതിന് നബി പരിഹാരം കണ്ടിരുന്നത് നമസ്‌കാരത്തിലായിരുന്നു. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മനസിനെ പിന്‍വലിച്ച് അല്ലാഹുവില്‍ അലിഞ്ഞുചേര്‍ന്ന് നമസ്‌കരിക്കുമ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം ഉരുക്കിപ്പോയിക്കഴിഞ്ഞിരിക്കുമായിരുന്നു. മുമ്പില്‍ രൂപപ്പെടുന്ന പ്രശ്‌നങ്ങളെ തൊട്ടടുത്ത നമസ്‌കാരം കൊണ്ട് ഉരുക്കിക്കളയുന്ന ഈ അവസ്ഥ ഒരു മനുഷ്യന് ദിനം അഞ്ചുനേരം ഉണ്ടാകുകയാണ് എങ്കില്‍ ആ മനുഷ്യന്റെ ജീവിതം എത്രമാത്രം സംതൃപ്തമായിരിക്കും എന്നതാലോചിച്ചാല്‍ മാത്രം മതി നമസ്‌കാരത്തിന്റെ പ്രത്യേകത മനസിലാക്കാന്‍. ഇത് ലഭിക്കണമെങ്കില്‍ പക്ഷേ, നമസ്‌കാരം എല്ലാം മറന്ന് റബ്ബില്‍ അലിഞ്ഞുചേരാന്‍ മാത്രം ശക്തമായിരിക്കണം. അതിന് ഒന്നാമതായി വേണ്ടത് ഭയഭക്തിയാണ്. ഭയഭക്തിയില്ലാതെ വെറും ആചാരമായി നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്നത് നരകമാണ് എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടാമതായി നമസ്‌കാരത്തെ ജീവിത താളമാക്കി മാറ്റണം. ആയിഷാ ബീവി (റ) തന്റെ അനുഭവം പറയുന്നത് ഇങ്ങനെയാണ്: നബി തിരുമേനി വീട്ടില്‍ ഓരോ കാര്യത്തിലും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കും. എന്നാല്‍ ബാങ്കു കേട്ടാല്‍ പെട്ടെന്ന് എഴുന്നേറ്റ് പോകും, ഞങ്ങള്‍ അദ്ദേഹത്തേയോ അദ്ദേഹം ഞങ്ങളെയോ അറിയാത്തതു പോലെ (ബുഖാരി).

Test User: