ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. കടുത്ത ശൈത്യം തുടരുന്ന ബിഹാറില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പറ്റ്‌നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളെല്ലാം അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് പറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. നാലു ദിവസത്തേക്ക് ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ബിഹാര്‍, ബംഗാള്‍, സിക്കിം, ഒഡിഷ, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചണ്ഡിഗഡ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ടു മുതല്‍ അഞ്ചു ഡിഗ്രി വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളിലെല്ലാം ശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വാഹനാപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.