X

831.1 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം

ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ചു കേന്ദ്ര സഹായം ആവശ്യപ്പെടുന്ന നിവേദനവും സമര്‍പ്പിച്ചു.

മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പ്രത്യേക വിദഗ്ദ്ധ സംഘം കേരളത്തിലെത്തുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ള അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാവും കൂടുല്‍ സഹായം സംബന്ധിച്ച് നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണു സംസ്ഥാനം കണക്കാക്കിയിരിക്കുന്നത്. 55,007 ഹെക്ടര്‍ കൃഷിസ്ഥലമാണു വെള്ളത്തിനടിയിലായത്. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 20% അധിക മഴയാണ് ഈ സീസണില്‍ കേരളത്തിലുണ്ടായത്. 116 മരണങ്ങളാണ് മഴക്കെടുതി മൂലം സംഭവിച്ചത്. കനത്ത മഴയില്‍ 965 ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച മഴക്കും കാറ്റിനും നേരിയ ശമനമുണ്ടായി. അതേസമയംവടക്കന്‍ കേരളത്തിലെ മിക്കയിടത്തും കനത്ത മഴയാണ് ഇന്നലെ അനു ഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തകര്‍ത്ത് പെയ്ത മഴയില്‍ ഏകദേശം 210 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കണമെന്ന സര്‍വകക്ഷിസംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. രാവിലെ കൊച്ചിയിലെത്തിയ സംഘം ഉച്ചയോടെ ആലപ്പുഴയിലെ ദുരിത ബാധിതമേഖലകള്‍ സന്ദര്‍ശിച്ചു.

യോഗത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഷീല ദേവി, അസിസ്റ്റന്റ് കലക്ടര്‍ പാട്ടീല്‍ പ്രാഞ്ജാന്‍ ലഹേന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 20 സെന്റിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ ഹൈറേഞ്ചിലും താഴ്‌വാരങ്ങളിലും ഇടവിട്ട് മഴ ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 134.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2380.46 അടിയായി.. എറണാകുളത്തും കോട്ടയത്തും ഇന്നലെ കാര്യമായി മഴ പെയ്തിട്ടില്ല. കോട്ടയത്ത് വെള്ളക്കെട്ട് താണുവരുന്നതേയുള്ളു. അപ്പര്‍ കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് താലൂക്കുകളില്‍ 7000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റാന്നി അടൂര്‍ കോഴഞ്ചേരി മുല്ലപ്പള്ളി തിരുവല്ല താലൂക്കുകളിലാണ് വെള്ളപ്പൊക്ക കെടുതികളുള്ളത്. നിലവില്‍ സംസ്ഥാനത്ത് 365 ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം മഴ സംസ്ഥാനത്ത് ലഭിക്കുന്നതെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്.
സംസ്ഥാനത്ത് ഇത്തവണ 22 ശതമാനം മഴ അധികം ലഭിച്ചു. ഇടുക്കിയിലാണ് ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനം അധികമഴയാണ് ഇടുക്കിയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 53.4 സെന്റിമീറ്റര്‍ മഴ ലഭിച്ചു. പാലക്കാട് 47 ശതമാനവും കോട്ടയത്ത് 46 ശതമാനവും കൂടുതല്‍ മഴയുണ്ടായി. എറണാകുളം ജില്ലയില്‍ 42 ശതമാനം അധിക മഴ രേഖപ്പെടുത്തി. കാസര്‍കോഡ് ജില്ലയില്‍ മാത്രമാണ് മഴ കുറവ് രേഖപ്പെടുത്തിയത്.

chandrika: