ന്യൂഡല്‍ഹി: ന്യൂനപക്ഷ ക്ഷേമത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ പൂര്‍ണ സമര്‍പ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും നല്‍കിയ ഉത്തരവാദിത്തം നിറവേറ്റുമെന്ന് സ്മൃതി ഇറാനി. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അധിക ചുമതല ലഭിച്ചതിന് പിന്നാലെയായിരുന്നു സ്മൃതിയുടെ പ്രതികരണം.
മോദി സര്‍ക്കാറിന്റെ ഏക മുസ്‌ലിം മുഖമായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചതിന് പിന്നാലെയാണ് അധിക ചുമതല കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയത്. നഖ്‌വിക്കൊപ്പം രാജിവെച്ച ആര്‍.സി.പി. സിങിന്റെ ഉരുക്ക് മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി.