തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നല്‍കുന്നതിനെ കുറിച്ച് ഉദ്യോഗാര്‍ത്ഥികളോടു തന്നെ അഭിപ്രായം തേടിക്കൊണ്ടുള്ള വിചിത്രമായ സര്‍ക്കുലറാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അപേക്ഷകനായ അസീസ് മാടഞ്ചേരി ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ കുറിച്ച് ജീവനക്കാരുടെ അഭിപ്രായം അറിയിക്കണമെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിയമനം ലഭിച്ചവരുടെ വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്‍കേണ്ടതുണ്ടോയെന്ന് ജീവനക്കാരോട് തന്നെ ചോദിച്ചിരിക്കുകയാണ്. ജീവനക്കാര്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പിന്റെ അതത് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ച് നേരത്തെ നല്‍കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. നിയമനം നല്‍കുമ്പോള്‍ പരിശോധിക്കേണ്ടതും ഫയലില്‍ സൂക്ഷിക്കേണ്ടതുമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ജീവനക്കാരില്‍ നിന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സര്‍ക്കുലറുകളും.
ന്യൂനപക്ഷ ക്ഷേമവകുപ്പിലെ വിവിധ തസ്തികകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തിയത്. ഇക്കാര്യം ‘ചന്ദ്രിക’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, റാങ്ക് ലിസ്റ്റ്, ഇന്റര്‍വ്യൂവിന് ക്ഷണിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ നല്‍കിയ പരസ്യം എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ ഉള്‍പെടെ ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അറുപതോളം പേരെ അനധികൃതമായി നിയമിക്കുകയായിരുന്നു. കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍, ഓഫീസ് അന്റന്റഡ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഉള്‍പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റും മന്ത്രിയുടെ ഓഫീസിന് താല്‍പര്യമുള്ളവരുമാണ് നിയമനം നേടിയത്. വിവാദ നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും മുന്നോടിയായാണ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പോലും ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിട്ടില്ല. നിയമനം നല്‍കിയവരുടെ പേരും അഡ്രസും മാത്രമാണുള്ളത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണമെന്നാണ് നിയമം. മതിയായ യോഗ്യതയുള്ളവരെയാണോ നിയമിച്ചത് എന്നുപോലും വകുപ്പിന് സ്ഥിരീകരിക്കാനാവുന്നില്ല.