X

പടിഞ്ഞാറന്‍ യു.പിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം; എസ്.പി-ആര്‍.എല്‍.ഡി സഖ്യം

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത മാസം 14ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യു.പിയിലെ 55 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഇത്തവണ ഏറെ വിയര്‍ക്കേണ്ടി വരും. സമാജ് വാദി പാര്‍ട്ടിയും പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ട് സ്വാധീന പാര്‍ട്ടിയായ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡിയും സഖ്യം രൂപീകരിച്ചതോടെയാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ കടുപ്പമായത്.
2017ല്‍ പടിഞ്ഞാറന്‍ യു.പിയിലെ മൊറാദാബാദ്, സഹാറന്‍പൂര്‍, ബിജ്‌നോര്‍, അംറോഹ തുടങ്ങിയ ജില്ലകളും മധ്യ യു.പിയിലെ ബദൗന്‍, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളും ചേരുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. മോദി തരംഗമെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും മുസഫര്‍ നഗര്‍ കലാപത്തിനു ശേഷമുണ്ടായ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി പടിഞ്ഞാറന്‍ യു.പി പിടിച്ചത്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 15ഉം, കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ മേഖലയില്‍ നിന്നും ലഭിച്ചപ്പോള്‍ ഒരിടത്തു പോലും വിജയിക്കാന്‍ മായാവതിയുടെ ബി.എസ്.പിക്ക് ആയിരുന്നില്ല.
പടിഞ്ഞാറന്‍ യു.പിയില്‍ നിന്നും 11 മുസ്്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എല്ലാവരും എസ്.പി ടിക്കറ്റിലാണ് വിജയിച്ചത്. 27 സീറ്റുകളില്‍ എസ്.പിയായിരുന്നു കഴിഞ്ഞ തവണ രണ്ടാമത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍. ഡി-ബി.എസ്.പി സഖ്യത്തില്‍ മത്സരിച്ച എസ്.പി, മേഖലയിലെ ഏഴ് മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. 35 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്നതാണിത്. യാദവ വിഭാഗത്തിന്റെ കോട്ടയായ ബദൗന്‍ എസ്.പിയുടെ ശക്തികേന്ദ്രമാണ്. മറ്റിടങ്ങളില്‍ ദളിത്, മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്.
ജാട്ട്, ഒ.ബി.സി വിഭാഗങ്ങള്‍ക്കും കാര്യമായ സ്വാധീനമുണ്ട്. 2017ല്‍ വര്‍ഗീയ ധ്രുവീകരണം ബി.ജെ.പിക്ക്അനുകൂലമായെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഷക പ്രക്ഷോഭവും കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതും അഴിമതിയും ബി.ജെ.പിക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.

 

Test User: