മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് കേരള ഗവണ്മെന്റിന്റെ തീരുമാനം തികച്ചും വഞ്ചനപരവും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്ക അവസ്ഥയുടെ കാര്യ കാരണങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ വന്നിട്ടുള്ള പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം കൃത്യമായി മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ് പദ്ധതി എന്ന നിലയില്‍ കൊണ്ടു വന്ന ആ പദ്ധതിയില്‍ 80:20 അനുപാതം കൊണ്ട് വന്നത് തന്നെ തെറ്റായിരുന്നു. ആ തെറ്റ് വരുത്തിയത് ഗവണ്മെന്റാണ്. ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഫലമായി കോടതിയില്‍ വന്ന സമയത്ത് കോടതി അത് ദുര്‍ബലപെടുത്തി. ഇപ്പോള്‍ ഗവണ്മെന്റ് കൊണ്ടുവന്നതിന്റെ അനന്തര ഫലം എന്ന് പറയുന്നത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ഒരു സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഇല്ല എന്നുള്ളതാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ വേണ്ടി കൊണ്ടു വന്ന ഒരു പദ്ധതി തന്നെ വേണ്ടന്ന് വെച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ഈ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അവതാളത്തില്‍ ആക്കുന്ന നടപടിയാണ് ഗവണ്മെന്റ് എടുത്തിട്ടുള്ളത്. ഇതില്‍ ഗവണ്മെന്റിന്റെ ദുഷ്ടാലക്കുണ്ട്. എല്ലാവര്‍ക്കും വിഭജിച്ചുകൊടുത്ത് ചിലരെ സന്തോഷിപ്പിക്കാനും ചിലരെ ദ്രോഹിക്കാനുമുള്ള സര്‍ക്കാരിന്റെ ഒരു കുബുദ്ധി കൂടി ഇക്കാര്യത്തില്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല. ഗവണ്മെന്റ് എടുത്ത തീരുമാനത്തിനോട് ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. തുടര്‍ നടപടികള്‍ ഞങ്ങള്‍ ഗൗരവമായി ആലോചിക്കും.