ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള 6.70 കോടിയുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്നു. ഫണ്ട് ചെലവഴിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ കേരളസര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷയിന്മേല്‍ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനവും സര്‍ക്കാര്‍ അടച്ചുപൂട്ടി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷവും ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച്, ഓണ്‍ലൈന്‍ വഴി തന്നെ അപ്രൂവല്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളില്‍ എത്തിച്ച സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. അനുവദിച്ച തുകയുടെ 80 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും 20 ശതമാനം ലത്തിന്‍ പരിവര്‍ത്തിത, ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നല്‍കേണ്ടത്. മാര്‍ച്ച് 31ന് ലാപ്‌സാകുന്നതാണ് ഈ ഫണ്ട്.
ബിരുദപഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികളായ മൂവായിരം പേര്‍ക്ക് 4000 രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ ആയിരം പേര്‍ക്ക് 5000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സുകളിലെ ആയിരം പേര്‍ക്ക് 6000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ പദ്ധതി തയാറാക്കിയത്. ഇതിനുപുറമെ ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ രണ്ടായിരം പേര്‍ക്ക് 12000 രൂപ വീതവും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ അപേക്ഷകള്‍ നല്‍കിയെങ്കിലും വെബ്‌സൈറ്റ് തകരാര്‍ എന്ന കാരണത്താല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടും തപാലിലുമായി ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ എത്തിച്ച പതിനായിരത്തിലേറെ പേരുടെ അപേക്ഷകളാണ് ഇപ്പോള്‍ പെരുവഴിയിലായത്. 2016 ഓഗസ്റ്റ് മാസത്തില്‍ സ്വീകരിച്ച അപേക്ഷകള്‍ തരംതിരിച്ച് കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്യുന്ന നടപടികള്‍ പോലും തിരുവനന്തപുരത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ ആരംഭിച്ചിട്ടില്ല. ഇത് കമ്പ്യൂട്ടറില്‍ ചേര്‍ക്കാന്‍ പന്ത്രണ്ടോളം കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നു. സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് തുടങ്ങിയ കോമണ്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 6000 രൂപവീതവും ഫൈനല്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകാര്‍ക്ക് 12000 രൂപ വീതവും സ്‌കോളര്‍ഷിപ്പ് നല്‍കാനും അപേക്ഷ ക്ഷണിച്ചിരുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, പതിനായിരം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാവുമെന്ന പ്രതീക്ഷ ന്യൂനപക്ഷ വകുപ്പിനില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാകട്ടെ ‘നടപടികള്‍ പുരോഗമിക്കുന്നു’ എന്ന മറുപടി മാത്രമാണ് ന്യൂനപക്ഷ ഡയറക്ടറേറ്റിനുള്ളത്.
ന്യൂനപക്ഷ ഡയറക്ടറേറ്റിലെയും മൈനോറിറ്റി കോച്ചിങ് സെന്ററുകളിലെയും ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നേരത്തെ ചെയ്തുവന്നിരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതോടെ ജീവനക്കാരെ പലരെയും സ്ഥലംമാറ്റുകയും ഒഴിവാക്കുകയും ചെയ്തു. പുതുതായി എത്തിയ ജീവനക്കാര്‍ക്കാകട്ടെ ഇതിനായി പരിശീലനം നല്‍കിയതുമില്ല. ഇതോടെയാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മോഹം പെരുവഴിയിലായത്.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന്റെ സ്ഥിതിയും പരിതാപകരമാണ്. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടച്ച ഫീസ് തിരിച്ചുനല്‍കല്‍ പദ്ധതിയുടെ അപേക്ഷകളും ഫയലില്‍ ഉറങ്ങുന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സുകള്‍ക്ക് 20,000 രൂപയും ഒരുവര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും ആറുമാസത്തെ കോഴ്‌സിന് 5,000 രൂപയുമാണ് റീ ഇംബേഴ്‌സ് ചെയ്യാവുന്നത്. ഇതിനുള്ള ആയിരത്തോളം അപേക്ഷകളാണ് നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.