X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സി.പി.എമ്മില്‍ ആശയക്കുഴപ്പം; പിണറായിയെ തള്ളി എം.എ ബേബി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം. പതിറ്റാണ്ടുകളായി നിലവിലുള്ള രീതിയാണ് ഈ അനുപാതമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി രംഗത്തെത്തിയതോടെ വിഷയത്തിന് സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നിലപാടിലും സങ്കീര്‍ണതയായി.

പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കപ്പെട്ടതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്‌ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ബേബി പറഞ്ഞു.

കോടതി വിധി നടപ്പാക്കുമെന്ന് പ്രതികരിച്ച മന്ത്രി എം.വി. ഗോവിന്ദനെ തള്ളുന്നതാണ് ബേബിയുടെ നിലപാട്. വിഷയത്തെ ശരിയായ തലത്തില്‍ സമീപിച്ച ബേബിയുടെ നിലപാട് ഇന്ന് ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ചരിത്ര വഴികളും പശ്ചാത്തലവും ചൂണ്ടിക്കാട്ടിയുളള ബേബിയുടെ പ്രതികരണം സര്‍ക്കാരിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പാലൊളി മുഹമ്മദ് കുട്ടി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ ‘യു.ഡി.എഫ് സര്‍ക്കാര്‍ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയാണ് ചെയ്തത്’ എന്ന പ്രതികരണത്തിലൂടെ യു.ഡി.എഫ് നിലപാടിന് തത്വത്തിന് അംഗീകാരം നല്‍കുകയാണ് ബേബി ചെയ്തിരിക്കുന്നത്.

ഇതിന്റെ പേരില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്‌ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചാരണം നടത്തുന്നത് തെറ്റാണ് എന്ന് ബേബിയെ പോലൊരു മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ സര്‍ക്കാരിനും പിണറായിക്കും ഇതിലെ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും.

കേരളത്തില്‍ മുന്നാക്ക പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. അതില്‍ ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന് എതിരു നില്‍ക്കുന്നവരാണെന്നും എം.എ. ബേബി വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നും എം.എ. ബേബി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ സി.പി.എമ്മിലും ആശയക്കുഴപ്പമുണ്ടെന്ന് നേതാക്കളുടെ വ്യത്യസ്ത നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇടതു മുന്നണിയിലെ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മും ഐ.എന്‍.എലും വിഷയത്തില്‍ വ്യത്യസ്ത തട്ടിലാണ്.

Test User: