X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി; പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കുന്നു: മുസ്‌ലിംലീഗ്

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധി വന്ന ശേഷം പ്രശ്‌നം സങ്കീര്‍ണമാക്കുന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുസ്ലിംലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോടതി വിധി വന്നതോടെ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിയിരിക്കുന്നു.

കോടതി വിധി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് മുടങ്ങുന്നത്. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന്റെ ഗൗരവം കണക്കാക്കി പരിഹാര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മുസ്ലിംലീഗ് നേതാക്കള്‍ ആരോപിച്ചു.
സച്ചാര്‍ ശുപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിംലീഗ് മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം. ഈ ആനുകൂല്യങ്ങള്‍ 100 ശതമാനം മുസ്ലിംകള്‍ക്ക് നല്‍കണം. ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതുവായ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി നല്‍കണം.

ഇപ്പോള്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. വളരെ ഗൗരവമേറിയ ഒരു വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞത് യോഗം കഴിഞ്ഞ ശേഷമാണ്. വലിയ പഠനങ്ങളിലൂടെ നടപ്പാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഇനിയെന്ത് പഠനമാണ് നടത്തുന്നത്? ഒരു മണിക്കൂര്‍ കൊണ്ട് നിയമോപദേശം കിട്ടുമെന്നിരിക്കെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാനുള്ള അടവാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Test User: