ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാന്യൂനപക്ഷ സ്ഥാപന ധനസഹായവും കുത്തനെ വെട്ടിച്ചുരുക്കി. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 87 ശതമാനവും മദ്രസാ ന്യൂനപക്ഷ സ്ഥാപന ഫണ്ടില്‍ 93 ശതമാനവുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതവും കുറച്ച് 38 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള പ്രൊഫഷനല്‍ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിവന്നിരുന്ന 365 കോടി രൂപ സ്‌കോളര്‍ഷിപ്പില്‍ നിന്നും 44 കോടിയായാണ് കുറച്ചിരിക്കുന്നത്.
മദ്രസകള്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വകയിരുത്തിയ കേന്ദ്ര ധനസഹായത്തില്‍ നിന്നും ഇത്തവണ 160കോടിയില്‍ നിന്ന് 10 കോടി രൂപയാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ടും വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയാക്കി.
നേരത്തേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവന്നിരുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ്(മാന്‍ഫ്) നിര്‍ത്തലാക്കിയതും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് യോഗ്യതയില്‍ ഭേദഗതി വരുത്തി ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്കു മാത്രമാക്കി ചുരുക്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.