X
    Categories: keralaNews

മദ്രസാ അധ്യാപകര്‍ക്കുള്ള ഭവന വായ്പയും നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍

ലുഖ്മാന്‍ മമ്പാട്

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയുള്ള മദ്രസാ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ പദ്ധതി നിലച്ചു. രാജ്യത്തെ മുസ്‌ലിം ദയനീയത പഠനത്തിലൂടെ ബോധ്യപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം രൂപീകരിച്ച കെ.എസ്.എം.ഡി.എഫ്.സിയുടെ മുഖ്യസ്ഥാനങ്ങളില്‍ നിന്നെല്ലാം പിണറായി സര്‍ക്കാര്‍ മുസ്‌ലിങ്ങളെ ഒഴിവാക്കിയതിന്റെ തുടര്‍ച്ചയാണിത്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് മറയില്ലാത്ത മുസ്‌ലിം വിരുദ്ധത.
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സ്റ്റീഫന്‍ ജോര്‍ജ്ജിനെയും മാനേജിംഗ് ഡയറക്ടറായി സുനില്‍ ചാക്കോയെയും നിയമിച്ചാണ് 100 കോടി രൂപ രൂപയുടെ ഷെയര്‍ ആസ്ഥിയുള്ള പൊതുമേഖലാ കോര്‍പ്പറേഷനെ വെള്ളാനയാക്കുന്നത്. മദ്രസ്സ അധ്യാപകര്‍ക്ക് പലിശയില്ലാതെ രണ്ടര ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം 200 പേര്‍ക്ക് വരെ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ ഇതു നൂറില്‍ പരിമിതപ്പെടുത്തിയപ്പോഴും അപേക്ഷകര്‍ ഏറെയായിരുന്നു.
എന്നാല്‍, ഇത്തവണ ഈ സാമ്പത്തിക വര്‍ഷം തീരാറായിട്ടും അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചവരോട് മദ്രസ്സ ക്ഷേമ നിധി ബോര്‍ഡു വഴി അത്തരമൊരു പദ്ധതിക്ക് ആലോചിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക മറുപടി. മുസ്‌ലിം പിന്നോക്ക അവശത പരിഹരിക്കാന്‍ ലക്ഷ്യമിട്ടു സ്ഥാപിച്ച കെ.എസ്.എം.ഡി.എഫ്.സിയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാഴ്‌സി, ജൈന മതങ്ങൡ പെട്ടവര്‍ക്കാണ് സാമ്പത്തിക പിന്തുണ ലഭിക്കുക.
സ്വയം തൊഴില്‍ വായ്പ, വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വിസ വായ്പ, മദ്രസ അധ്യാപകര്‍ക്കുള്ള ഭവന വായ്പ എന്നിവയെല്ലാമാണ് കെ.എസ്.എം.ഡി.എഫ്.സി നടപ്പാക്കിയിരുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള പ്രഖ്യാപിച്ച പദ്ധതിയായ മദ്രസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവന വായ്പ നിര്‍ത്തലാക്കിയതിനു പുറമെ മറ്റാനുകൂല്ല്യ വിതരണത്തിലും വലിയ വിവേചനമാണ് നടക്കുന്നതെന്നാണ് കോര്‍പ്പറേഷനെ സമീക്കുന്നവരുടെ ആരോപണം. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.

 

Chandrika Web: