തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുന്നൂറോള പേരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ നീക്കം. വകപ്പിന് കീഴിലെ ന്യൂനപക്ഷ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലാണ് എംപാനലിംഗ് കോച്ചിംഗ് ഫാക്കല്‍റ്റി എന്ന പേരില്‍ അനധികൃത നിയമനത്തിന് കളമൊരുങ്ങുന്നത്.
പതിനാറ് സെന്ററുകളിലായി ഇരുന്നൂറോളം സി.പി.എം അനുഭാവികളെയാണ് തിരുകികയറ്റാന്‍ ശ്രമം നടത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി യു.പി.എസ്.സി ബാങ്കിംഗ് മേഖലകളിലേക്ക് പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
നിലവില്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകരാണ് പരിശീലനം നല്കിവരുന്നത്. അതാത് പരിശീലനകേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍ ഉദ്ദ്യോഗാര്‍ത്ഥികളുടെ അഭിപ്രായമനുസരിച്ചാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍നിന്നും വിത്യസ്തമായി സി.പി.എം ഏരിയ, ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റില്‍ നിന്നുമാണ് നിയമനം നടത്താന്‍ ശ്രമം നടക്കുന്നത്. പാര്‍ട്ടി അനുഭാവികളെ കൂടുതലായി നിയമിക്കാനാണ് വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇങ്ങനെ നിയമിക്കുന്ന ആളുകളുടെ ഓണറേറിയം വര്‍ധിപ്പിക്കാനും അണിയറയില്‍ നീക്കം നടത്തുന്നുണ്ട്. മണിക്കൂറിന് 500 രൂപ വെച്ച് അഞ്ചു മണിക്കൂറിന് 2500 രൂപയാണ് ഇപ്പോഴുള്ള ഓണറേറിയം.