സ്വന്തം ലേഖകന്‍
തിരുവനന്തപുരം
സംസ്ഥാനത്തെ സി.പി.എം കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന്് കെ.എം ഷാജി. നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇവിടങ്ങളില്‍ വ്യാപകമായി കൊള്ള നടക്കുകയാണ്. മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ സി.പി.എമ്മിന് വഴിപ്പെടണം. അല്ലെങ്കില്‍ നിശബ്ദരായി കഴിയണം. അതേസമയം, പതിനായിരക്കണക്കിന് വരുന്ന കോണ്‍ഗ്രസിലെ ഹിന്ദു സഹോദരന്മാര്‍ക്കിടയില്‍ സുരക്ഷിതരായി ന്യനപക്ഷങ്ങള്‍ ജീവിക്കുകയാണെന്നും ഷാജി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയ പരാജയമായി. മുഖ്യമന്ത്രി പോലും ഉള്‍ഭയത്തോടെയാണ് കഴിയുന്നത്. ചുറ്റുമുള്ളവര്‍ തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന ധാരണവരുന്നത് നല്ല കാര്യമല്ല. ഇങ്ങനെ തോന്നുന്നുവെങ്കില്‍ അത് ഉള്‍ഭയം കാരണമാണ്. ‘എത്രയോ പേര്‍ വണ്ടിയിടിച്ച് മരിക്കുന്നു. ഇവന്‍ ചാകുന്നുമില്ല എന്ന്’ ഏതോ മാധ്യമപ്രവര്‍ത്തകന്‍ തന്നെപ്പറ്റി പറഞ്ഞത് കേട്ടുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏതെങ്കിലും പത്രക്കാരന്‍ അങ്ങനെ പറയുമെന്നു വിചാരിക്കുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ പേക്കിനാവാണ്. നിരവധി അമ്മമാരുടെ ശാപമുള്ളതുകൊണ്ടാകും ഇത്തരം തോന്നലുകള്‍. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അമ്മമാരുടെ രോദനവും ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരുപാടുപേരുടെ ശാപവുമുണ്ടാകാം. വെറുപ്പും വിദ്വേഷവുമല്ല, ബഹുമാനവും ആദരവുമാണ് ഒരു ഭരണാധികാരി ബാക്കിവെക്കേണ്ടത്. എന്നാല്‍ സ്‌നേഹവും ബഹുമാനവും ആദരവും പിടിച്ചുപറിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.
സി.പി.എം ആയുധമാക്കുന്നവരും ആയുധമായി ഉപയോഗിക്കുന്നവരും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. ആള്‍ക്കൂട്ടമനഃശാസ്ത്രമല്ല, ഇത് സി.പി.എം മനഃശാസ്ത്രമാണ്. 19 വയസ് മാത്രം പ്രായമുള്ള ഒരു യുവാവിനെ വീണ്ടും വീണ്ടും വെട്ടിനുറുക്കുന്നത് ഇതുകൊണ്ടാണ്. ടി.പി ചന്ദ്രശേഖരനെ 51ഉം അസ്‌ലമിനെ 68 ഉം ഷുഹൈബിനെ 37ഉം വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതശരീരം തിന്നുകകൂടി ചെയ്‌തെങ്കില്‍ എല്ലാം പൂര്‍ത്തിയായേനെ. ആര്‍.എം.പിക്കാരുടെ വീടുകള്‍ ആക്രമിക്കുകയാണ്. കാറുകള്‍ തല്ലിത്തകര്‍ക്കുന്നു. അറബിയെ പറ്റിച്ച് വാങ്ങിയ ഓഡി കാറല്ല, അവര്‍ അധ്വാനിച്ചുണ്ടാക്കിയ മാരുതി 800ആണ് കത്തിക്കുന്നത്. അട്ടപ്പാടിയില്‍ മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദി സര്‍ക്കാറാണ്. ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ഒഴുക്കുന്ന അട്ടപ്പാടിയില്‍ മധുവിന് വിശന്നുവെങ്കില്‍ അത് സര്‍ക്കാറിന്റെ വീഴ്ചയാണ്. ഭക്ഷ്യവിതരണത്തിലെ നീതിയില്ലായ്മയാണ് കാരണം.
ഷുഹൈബിനെ വെട്ടിക്കൊന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഒരു മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രി മുറവിളികൂട്ടിയത്. പാട്ടുപാടാന്‍ മാപ്പിളമാര്‍ക്ക് കഴുത്തിന് മേലെ തല ബാക്കിവെക്കണമെന്നു മാത്രമാണ് തനിക്ക് പറയാനുള്ളത്. ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തുന്നവര്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ശശികലയെ വെറുതെവിടുന്നു. പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച ആര്‍.എസ്.എസുകാരെ പൊലീസ് സ്റ്റേഷനില്‍ കസേരയിട്ട് സ്വീകരിക്കുന്നു. അടികൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ലോക്കപ്പിലിടുന്നു. ഹാദിയ കേസ് വലിച്ചുനീട്ടി മതവിശ്വാസികള്‍ക്കിടയില്‍ മതിലുകളുയരാന്‍ സാഹചര്യമൊരുക്കി. എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അക്ബര്‍.
ത്രിപുരയില്‍ സി.പി.എം പരാജയപ്പെട്ടതില്‍ വിഷമമില്ല. അവിടെ നരി പോയി പുലി വന്നത് കൊണ്ടുള്ള സങ്കടമേ ഉള്ളൂ. ത്രിപുരയില്‍ 45 ശതമനം വോട്ടുകിട്ടിയെന്നാണ് സി.പി.എം വാദം. എന്നാല്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ ഒന്നു താങ്ങിനിര്‍ത്താന്‍പോലും നില്‍ക്കാതെ എല്ലാവരും കാടുകളില്‍ ഒളിക്കുകയായിരുന്നുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.