X

ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് വംശഹത്യക്കു സമാന പീഡനം; പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ നരകതുല്യമായ അതിക്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പലപ്പോഴും അത് വംശഹത്യക്ക് സമാനമാകുന്നുവെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി.

ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്യണം. ഇത് ന്യൂനപക്ഷത്തിന്റെ കാര്യമായി മാത്രമല്ല, ഇന്ത്യയുടെ മൊത്തം പ്രശ്‌നമായി കാണണം. അന്താരാഷ്ട്ര സമൂഹം പോലും രാജ്യത്തെ ഇത്തരം സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയത് ഗൗരവത്തോടെ കാണണം. നിരപരാധികളുടെ ജീവനും സ്വത്തിനും നേരെ ബുള്‍ഡോസര്‍ ചെയ്യപ്പെടുന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.

ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുന്നത് എതിര്‍ ശബ്ദങ്ങളെ മൂടി കെട്ടാനുള്ള ഗവണ്‍മെന്റിന്റെ ആഗ്രഹത്തിന്റെ ഭാഗമാണ്.വളര്‍ന്നുവരുന്ന തലമുറ എത്രയോ വലിയ സമ്പാദ്യങ്ങളാണ്. നല്ല വിദ്യാഭ്യാസവും നന്മയുടെ സന്ദേശവും ആണ് അവര്‍ക്ക് നല്‍കേണ്ടത്. അതിനു പകരം വിദ്യാഭ്യാസ മേഖലയെ അടിമുടി വര്‍ഗീയ വല്‍ക്കരിക്കുന്ന അപകടകരമായ നീക്കം ഇന്ത്യയില്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് ഇന്ത്യയെ എത്തിക്കും. ഇത്തരം വിഷയങ്ങളില്‍ പാര്‍ലമെന്റ് ചര്‍ച്ചകള്‍ ഫലപ്രദമാക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Chandrika Web: