X

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു: ഉടമയായ ബന്ധുവിന് 34,000 രൂപ പിഴയും തടവും

കൊച്ചി: പ്രായം പൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരേ 34,000 രൂപ പിഴയും ഒരു ദിവസത്തെ തടവിനും കോടതി ശിക്ഷ വിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെയാണ് നടപടി. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ആലുവ ഭാഗത്ത് നിന്നും ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സെഷന്‍ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25000 രൂപ പിഴയുമാണ് സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി കെ.വി.നൈന വിധിച്ചത്.

കോടതി സമയം തീരുന്നതു വരെ ഒരു ദിവസം വെറും തടവിനും ശിക്ഷിച്ചു. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ 2000 രൂപയും ഇന്‍ഡിക്കേറ്റര്‍, മിറര്‍ എന്നിവ ഘടിപ്പിക്കാത്തതിനാല്‍ 1000 രൂപയും, അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാത്തതിന് 1000 രൂപയും അടക്കമാണ് പിഴ ചുമത്തിയത്. റോഷന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കും, വാഹനത്തിന്റെ ആര്‍.സി ഒരു വര്‍ഷത്തേക്കും സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

webdesk11: