X
    Categories: MoreViews

വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന തുടരുന്നു

 

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ്ഓഫീസില്‍ വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത 52,565 രൂപയുടെ കുറവ് കണ്ടെത്തി.
കൂടാതെ ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ഷാജന്‍ ബോയ്യുടെ കൈവശം കണക്കില്‍ പെടാത്ത 5160 രൂപയും ജസ്റ്റസ് മാത്യൂഫിലിപ്പിന്റ കൈവശം 4020 രൂപയും വില്ലേജ് അസിസ്റ്റന്റ് ഹംസയുടെ പക്കല്‍ നിന്നും 630 രൂപയും ഉള്‍പ്പെടെ 9810 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരം വില്ലേജ് ഓഫീസില്‍ നടന്ന പരിശോധനയില്‍ 5000 രൂപയില്‍ കൂടുതല്‍ കരം ഒടുക്കിയതും മറ്റ് ഫീസുകളും കൈവശം സൂക്ഷിക്കാന്‍ പാടില്ല എന്ന നിയമംനിലവിലിരിക്കെ കരം ഒടുക്കിയതുംമറ്റ് ഫീസുകളുംഉള്‍പ്പെടെ 68,957 രൂപ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈവശം സൂക്ഷിക്കുന്നതായി കണ്ടെത്തി.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള അപേക്ഷകള്‍ വാങ്ങുന്ന തീയതി രേഖപ്പെടുത്താതെ സേവന അവകാശ നിയമം മറികടക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന തിയതി മാത്രം രേഖപ്പെടുത്തുന്നതായും സമയപരിധി കഴിഞ്ഞ പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായുംകണ്ടെത്തി. തിരുവനന്തപുരത്തെ മംഗലപുരം, വെമ്പായം വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തുകയില്‍ വ്യത്യാസവും പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില വില്ലേജ് ഓഫീസുകളിലും അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിജിലന്‍സിന്റെ മിന്നല്‍ പരിശാധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും വിജിലന്‍സ് ഡയരക്ടര്‍ അറിയിച്ചു.

chandrika: