ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇലക്ട്രല്‍ ബോണ്ട് സമ്പ്രദായത്തിന്റെ വിജ്ഞാപനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലോക്‌സഭയെ അറിയിച്ചത്.
ഇതനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സ്വീകരിക്കുന്നത് ഇനിമുതല്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ കൂടി മാത്രമായിരിക്കും. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് വഴി സംഭാവന നല്‍കാന്‍ സാധിക്കൂ.
മാത്രമല്ല, അവസാന പൊതുതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്കു മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കാനും സാധിക്കുകയുള്ളൂ. പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിജ്ഞാപനമായി ഇറങ്ങിയത്. ഇന്ത്യന്‍ പൗരനോ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഇല്കട്രല്‍ ബോണ്ട് വാങ്ങാവുന്നതാണ്.
എത്ര രൂപയാണോ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തിന് അനുസൃതമായി 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ ബോണ്ടുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്ന് വാങ്ങാം. ഇലക്ടറല്‍ ബോണ്ട് ബാങ്കില്‍നിന്നു വാങ്ങിയാല്‍ 15 ദിവസം മാത്രമായിരിക്കും കാലാവധിയുണ്ടാവുക.
ആര്‍ക്കാണു കൊടുക്കുന്നതെന്ന പേര് ബോണ്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. എന്നാല്‍ കെ. വൈ.സിയില്‍ ബാങ്കിന് ആവശ്യമായ വിവരം നല്‍കണം. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് മാറിയെടുക്കാനാകൂ.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്തു ദിവസമാകും ഇലക്ട്രല്‍ ബോണ്ടുകള്‍ ലഭ്യമാവുക. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ ബോണ്ടുകള്‍ വാങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം 30 ആയി ക്രമപ്പെടുത്തും. എത്ര പണം ഇലക്ട്രല്‍ ബോണ്ടായി ലഭ്യമായെന്ന വിവരം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.