X

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 23 ആക്കി

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവയാണ്.

വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്നു

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിത കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.

സംസ്ഥാനത്ത് പുതിയ 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍

സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ തീരൂമാനിച്ചു. 2012ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്റിപെന്റന്റ് പവര്‍ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്‌റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും.

ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മ്മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു.

കൊച്ചി സിറ്റി പോലീസ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ലോക കേരള സഭയോടനുബന്ധിച്ച് വിനോദസഞ്ചാരവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പസസ്യഫലകൃഷി പ്രദര്‍ശനത്തില്‍ പങ്കെടുന്ന സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നും പരമാവധി അഞ്ചുലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.

വേതനം പരിഷ്‌കരിക്കും

തൃശ്ശൂര്‍ കേരള ഫീഡ്‌സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

പുതിയ തസ്തികകള്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 4 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളില്‍ പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ച താലൂക്കുകളില്‍ 55 തസ്തികകള്‍ വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് കക ന്റെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം, പാറശ്ശാല, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളില്‍ 9 തസ്തികകളും, കാസര്‍ഗോഡ് കോട്ടയം എന്നീ റീജ്യണല്‍ ലാബോറട്ടറികളിലേക്ക് 6 തസ്തികകളും പുതിയതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനസഹായം അനുവദിച്ചു

തിരുവനന്തപുരം ചാല കമ്പോളത്തില്‍ 14112014ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.

ജൂഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കൊച്ചി എളമക്കര പ്ലാശ്ശേരിപറമ്പ് വീട്ടില്‍ വിനീഷിന്റെ കുടുംബത്തിന് ഇടപ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ കുടിശിക അടക്കം 5.56 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

100 ശതമാനം കാഴ്ചവൈകല്യമുളള വി.ജി.ബാബുരാജന് (മലപ്പുറം ഈഴുവതിരുത്തി) ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയില്‍ വികലാംഗര്‍ക്കായുളള സംവരണ ക്വാട്ടയില്‍ ഒരു സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു. പി.എസ്.സിയുടെ അഭിപ്രായം മറികടന്ന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം നല്‍കുന്നത്.

chandrika: