മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അടക്കം അന്‍പതിലധികം പേര്‍ക്കെതിരെ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് പോലീസ് കേസെടുത്തത്. ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിനും കണ്ടാലറിയാവുന്ന അന്‍പതിലധികം പേര്‍ക്കെതിരെ റോഡ് ഉപരോധിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധം നേരിട്ട മന്ത്രി വി ശിവന്‍കുട്ടി ഫാ. യൂജിന്‍ പെരേരക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരണപ്പെടുകയും 3 പേരെ കാണാതാകുയും ചെയ്ത സംഭവത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജിആര്‍ അനില്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞത്. തര്‍ക്കത്തിനിടെ ഫാ. യൂജിന്‍ പേരേരയോട് മന്ത്രി വി ശിവന്‍കുട്ടി ഷോ കാണിക്കരുതെന്ന് പറഞ്ഞതു നാട്ടുകാരെ പ്രകോപിതരാക്കി. ഇതോടെ സംഭവസ്ഥലത്തുനിന്ന് മടങ്ങിയ മന്ത്രിമാര്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ രംഗത്തുവരികയായിരുന്നു.
മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാ. യൂജിന്‍ പേരേര ആണെന്നു മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്ന് മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംഭവത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്ത്രി വി ശിവന്‍കുട്ടി, ഫാ. യൂജിന്‍ പേരേര, ബിഷപ്പ് തോമസ് നെറ്റോ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. മന്ത്രിമാര്‍ക്കുനേരെ അലറിയടുത്ത ഫാ. പെരേര മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്നായിരുന്നു ശിവന്‍കുട്ടിയുടെ ആരോപണം. അതേസമയം മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളോട് കയര്‍ത്തുസംസാരിച്ചുവെന്നാണ് ഫാ. യുജീന്‍ പേരേരയുടെ വാദം.