X
    Categories: indiaNews

പഞ്ചാബില്‍ മന്ത്രിമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. സംസ്ഥാനത്തിന്റെ 17ാമത് മുഖ്യമന്ത്രിയായി മാര്‍ച്ച് 16നാണ് ഭഗവന്ത്മന്‍ സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്കൊപ്പം മറ്റാരും അന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. കാലത്ത് 11 മണിക്ക് രാജ്ഭവനിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 12.30ന് കന്നി മന്ത്രിസഭാ യോഗവും നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം ആരായിരിക്കും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരേയും ആപ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. വകുപ്പു വിഭജന വിവരവും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഫെബ്രുവരി 20നായിരുന്നു പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണലും. 117 അംഗ സഭയില്‍ 92 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. അഴിമതി തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അധികാരമേറ്റ ശേഷമുള്ള ഭഗവന്ത് മനിന്റെ ആദ്യ പ്രഖ്യാപനം.

ഇതിനായി പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്റെ വ്യക്തിഗത മൊബൈല്‍ നമ്പര്‍ കൂടി ഇതോടപ്പം പ്രസിദ്ധീകരിക്കുമെന്നും കൈക്കൂലി ആവശ്യപ്പെടുന്ന ഏത് ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഓഡിയോ, വീഡി യോ രൂപത്തില്‍ ഈ ഹെല്‍പ് ലൈനിലേക്ക് കൈമാറാമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നുമായിരുന്നു പ്രഖ്യാപനം.

ഇന്ന് ചേരുന്ന കന്നി മന്ത്രിസഭാ യോഗത്തിനു ശേഷം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. വൈദ്യുതി നിരക്ക് കുറക്കുന്നത് ഉള്‍പ്പെടെ എ.എ. പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏതിലെല്ലാം കന്നി മന്ത്രിസഭായോഗം തീരുമാനമെടുക്കും എന്നതാണ് ഉറ്റുനോക്കുന്നത്.

Test User: