ചണ്ഡീഗഡ്: പഞ്ചാബില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആഭ്യന്തര വകുപ്പ് നിലനിര്‍ത്തി. ഹര്‍പാല്‍ സിങ് ചീമക്ക് ധനകാര്യ വകുപ്പും ഗുര്‍മീത് സിങ് മീത് ഹയറിന് വിദ്യാഭ്യാസ വകുപ്പും ലഭിച്ചു. ഡെന്റല്‍ സര്‍ജനായ ഡോ.വിജയ് സിംഗ്ലയാണ് ആരോഗ്യ മന്ത്രി.
നേത്ര ശസ്ത്രക്രിയാ വിദഗ്ധ ഡോ. ബല്‍ജിത് കൗറിന് സാമൂഹിക സുരക്ഷ- വനിതാ ശിശുക്ഷേമം വകുപ്പുകള്‍ ലഭിച്ചു. ഹര്‍ജോത് സിങ് ബെയ്ന്‍സ് (നിയമം, ടൂറിസം), ഹര്‍ഭജന്‍ സിങ് ഇ.ടി.ഒ (വൈദ്യുതി), കുല്‍ദീപ് സിങ് ധലിവാള്‍ (ഗ്രാമവികസനം, പഞ്ചായത്ത് രാജ്), ലാല്‍ ചന്ദ് കടരുചക്ക് (ഭക്ഷ്യ വിതരണം), ലാല്‍ജിത് സിംഗ് ഭുള്ളര്‍ (ഗതാഗതം) ബ്രം ശങ്കര്‍ ജിമ്പ (ജലം, ദുരന്തനിവാരണം). ഇന്ദര്‍ബീര്‍ സിങ് നിജ്ജാര്‍ ആണ് പ്രോടേം സ്പീക്കര്‍. അതേസമയം പുതുതായി സത്യപ്രതിജ്ഞ ചെയ്ത 11 മന്ത്രിമാരില്‍ ഏഴു പേരും ക്രിമിനല്‍ കേസ് പ്രതികളാണ്.
നാല് പേര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കി. ഒമ്പത് മന്ത്രിമാര്‍ കോടീശ്വരന്മാരാണ്. 2.87 കോടി രൂപയാണ് ഇവരുടെ ശരാശരി ആസ്തി. ഏറ്റവും കൂടുതല്‍ പ്രഖ്യാപിത ആസ്തിയുള്ള മന്ത്രി ഹോഷിയാര്‍പൂരില്‍ നിന്നുള്ള ബ്രാം ശങ്കര്‍ (ജിമ്പ) ആണ്. (8.56 കോടി). അദ്ദേഹത്തിന് 1.08 കോടിയുടെ ബാധ്യതയുമുണ്ട്.
ഭോവ (എസ്‌സി) മണ്ഡലത്തില്‍ നിന്നുള്ള ലാല്‍ ചന്ദ് ആണ് കുറഞ്ഞ ആസ്തിയുള്ള മന്ത്രി (6.19 ലക്ഷം). അഞ്ച് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത 10 നും 12 നും ഇടയിലാണ്. ബാക്കിയുള്ളവര്‍ ബിരുദധാരികളോ അതില്‍ കൂടുതലോ യോഗ്യതയുള്ളവരാണെന്നും എ.ഡി.ആര്‍ അറിയിച്ചു.