മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായി പറമ്പിക്കുളത്തു നിന്ന് തമിഴ്നാട് കേരളത്തിന് 400 ക്യുസെക്സ് വെള്ളം അനുവദിച്ചു. ഇന്ന് രാവിലെ തൂണക്കടവെത്തിയ മന്ത്രി തമിഴ്നാട് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വെള്ളം അനുവദിച്ചത്.ആദ്യം വെള്ളം വിട്ടുതരാൻ കഴിയില്ലെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്. മന്ത്രി ആവശ്യത്തിൽ ഉറച്ചു നിന്നതോടെ തമിഴ്‌നാട് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശിവലിംഗം ചർച്ചക്ക് തയ്യാറായി. ഇതേ തുടർന്നാണ് വെള്ളം അനുവദിക്കാൻ തമിഴ്‌നാട് ഉത്തരവിറക്കിയത്.തുടർന്നും സാങ്കേതിക തടസ്സം ഉന്നയിച്ച ആളിയാർ ഡാം അധികൃതർ 200 ക്യുസെക്സ് വെള്ളം മാത്രമേ വിട്ടു നൽകാൻ കഴിയു എന്ന് അറിയിച്ചു . ഉത്തരവ് പ്രകാരം 400 ക്യുസെക്സ് വെള്ളംലഭിച്ചില്ലെങ്കിൽ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞതോടെയാണ് പന്ത്രണ്ടരയോടെ ആളിയാറിൽ നിന്നും 400 ക്യുസെക്സ് വെള്ളം അധികൃതർ തുറന്നു നൽകിയത്.