തിരുവനന്തപുരം: മാർച്ച് ഏഴിന് റേഷൻ വ്യാപാരി സംഘടകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യൂനിയൻ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ച പരാജയം.
വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ വ്യാപാരികളുടെ അവകാശങ്ങൾ അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി പരിഷ്കരിക്കുക, വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകാത്ത പക്ഷം സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സംഘടന നേതാക്കൾ മന്ത്രിയെ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന സംഘടനകളുടെ ആവശ്യത്തിന്മേൽ സർക്കാറിന് തുറന്ന മനസ്സാണുള്ളതെന്നും എന്നാൽ, നിലവിലെ സാമ്പത്തിക പരിമിതിയിൽ ഇക്കാര്യം ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഇതിനെതിരെ രൂക്ഷഭാഷയിലാണ് വ്യാപാരി പ്രതിനിധികൾ പ്രതികരിച്ചത്. സംസ്ഥാനത്തെ പതിനാലായിരത്തോളം വ്യാപാരികളിൽ 9909 പേർക്കും നിലവിലെ വേതനംകൊണ്ട് കട നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഒരുവർഷത്തെ വേതന കണക്കുകൾ നിരത്തി സംഘടന പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
2402 കടക്കാർ സ്വന്തം കൈയിൽനിന്ന് പണംമുടക്കിയാണ് കട വാടകയും വൈദ്യുതി ബില്ലും സെയിൽസ്മാനുള്ള വേതനവും നൽകുന്നത്. ഇത്തരം കടകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 183 കടക്കാർക്ക് 10,000ത്തിൽതാഴെ മാത്രമാണ് വരുമാനമെന്നും നേതാക്കൾ അറിയിച്ചു.