കോഴിക്കോട്: ജില്ലയില്‍ മരിച്ച രണ്ടുപേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പരിശോധനാഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ്പ സംശയിക്കുന്നവരുടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ചത് നിലവിലെ മാനദണ്ഡപ്രകാരമുള്ള നടപടികളാണ്. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും നിലവിലില്ലെന്നും വീണ പറഞ്ഞു.
പുനെയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. സാംപിള്‍ അവിടെ പരിശോധിക്കുകയാണ്. ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യത്തെ മരണത്തിനു പിന്നാലെ, ആ വ്യക്തിയുടെ ബന്ധുക്കള്‍ പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംശയമുണ്ടായത്.
തുടര്‍ന്നാണ് കോണ്‍ടാക്ട് ട്രെയ്‌സിങ്ങും എങ്ങനെ, ആരിലേക്കൊക്കെ പനി പകര്‍ന്നു എന്നുള്ളതും പരിശോധിച്ചത്. പുണെയിലെ ഇതുമായി ബന്ധപ്പെട്ട വ്യക്തികളുമായും സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞോ എന്ന് ചോദിച്ചിരുന്നു. പരിശോധന നടക്കുന്നുവെന്നാണ് പുണെയില്‍നിന്ന് അറിയിച്ചത്” മന്ത്രി പറ!ഞ്ഞു.
നിപ്പ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരോഗ്യമന്ത്രി വിളിച്ചപ്പോഴും ഫലം ആയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ട് മരിച്ച രണ്ടുപേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് അറിയിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിമാരുടെ പ്രതികരണം.