ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താനാവൂ എന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വ്യാജഡോക്ടറെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കാന്‍ മന്ത്രി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാരുടെ പേര് മെഡിക്കല്‍ കൗണ്‍സില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ ആരംഭിച്ചു.

 

webdesk17:
whatsapp
line