X

മന്ത്രി വി അബ്ദുറഹിമന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണം: കെ. എം. ഷാജി

താനൂര്‍ : താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താനൂര്‍ എം.എല്‍. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഇറക്കിയ പണം മുതലാക്കാതെ അബ്ദുറഹിമാന്‍ രാജിവെക്കില്ല. അദ്ദേഹം ഒരു ബിസിനസുകാരനാണ്. ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാന്‍ കാരണമാകും. ബോട്ട് അപകടമുണ്ടായ താനൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും ബോട്ട് അപകടം സംഭവിച്ചത് സംബന്ധിച്ചു പറയുന്ന കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കണം. അറസ്റ്റിലായ ബോട്ട് ഉടമക്ക് സി.പി.എമ്മുമായും വി അബ്ദുറഹിമനുമായും അവിശുദ്ധ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ സി. പി. എമ്മിന്റെ ഉന്നത നേതാവാണ്. ബോട്ടിന്റെ അപകട സാധ്യതകളെ കുറിച്ചു മന്ത്രി വി അബ്ദുറഹിമാനോട് പരാതി പറഞ്ഞ നാട്ടുകാരനോട് തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ആദ്യം എം. എല്‍. എ ആയ സമയത്ത് ദേവധാര്‍ ടോള്‍ ബൂത്തിലെ തൊഴിലാളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച അദ്ദേഹത്തില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.

ദുരന്തങ്ങള്‍ ഉണ്ടായ ശേഷം വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നതിലല്ല കാര്യം. ദുരന്തം ഉണ്ടാകുന്നതിന് മുമ്പേ മുന്‍കരുതല്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയണം. ഒരു കാലത്തും ദുരന്തം വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ജനങ്ങളെ കണ്ണില്‍പൊടിയിടുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അഭിനന്ദിച്ചില്ലെങ്കിലും നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തും. അപകമുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാരെ അഭിനന്ദിക്കുന്ന ഏജന്‍സി മാത്രമായി സര്‍ക്കാര്‍ ചുരുങ്ങുന്നു. അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാരിന്റെ എന്ത് സംഭാവനയാണുള്ളത്.

ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പുതിയ ശൈലി പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. സി. പി. എമ്മിനെ പോലെ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന ശൈലിയല്ല മുസ്ലിം ലീഗിന്റേത്. ഓഖി ദുരന്ത മുണ്ടായ സമയത്ത് അവിടെ കാല് കുത്താന്‍ കഴിയാതിരുന്ന മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെസ്വാധീന മേഖലയില്‍ വരാന്‍ കഴിഞ്ഞത് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന വൃത്തിയുള്ള രാഷ്ട്രീയത്തിന്റെ ഫലമാണ്. സെറ്റില്‍മെന്റ് രാഷ്ട്രീയം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞ താനൂര്‍ ഓലപ്പീടികയിലേയും പരപ്പനങ്ങാടിയിലേയും വീടുകള്‍ സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രഡിഡന്റ് പി. എച്ച്. എസ് തങ്ങള്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ. എന്‍. മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം.പി അഷറഫ്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സി. എച്ച് മഹ്മൂദ് ഹാജി, സെക്രട്ടറി കുഞ്ഞിമരക്കാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് സി മുഹമ്മദ് അഷറഫ്, സെക്രട്ടറി കെ സലാം, മുനിസിപ്പല്‍ ചെയര്‍മാന്‍ പി. പി ഷംസുദ്ധീന്‍ എന്നിവര്‍ ഷാജിയോടൊപ്പമുണ്ടായിരുന്നു.

webdesk11: