X

മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചാബ് മന്ത്രിക്കെതിരെ കേസ്

 

ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു.
2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ സുച്ചാ സിങ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ലാംഗഡിന്റെ മകള്‍ സരബ്ജിത് കൗറിനൊപ്പം ഗുരുദാസ്പൂറിലെ ബീബി നാന്‍കി കോളജില്‍ പഠിച്ചിരുന്ന 39കാരിയാണ് പരാതിക്കാരി.
എട്ടു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പൊലീസ് കോണ്‍സ്റ്റബിളായ യുവതി പരാതിയില്‍ പറയുന്നത്. ലാംഗഡ് തന്നെ പീഡിപ്പിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പരാതിയോടൊപ്പം യുവതി പൊലീസിന് നല്‍കിയിട്ടുണ്ട്. 2009ലാണ് സംഭവങ്ങളുടെ തുടക്കം. മന്ത്രിയായിരുന്ന ലാംഗഡിനെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആശ്രിത നിയമനവുമായി ബന്ധപ്പെട്ടാണ് ഒരു ബന്ധുവിനൊപ്പം യുവതി കണ്ടത്.
തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം തനിയെ വന്നു കാണാന്‍ ലാംഗഡ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓഫീസിലെത്തിയ തന്നോട് വഴങ്ങിത്തന്നാല്‍ മാത്രമേ ജോലി ലഭിക്കൂവെന്ന് ലാംഗഡ് അറിയിക്കുകയായിരുന്നു. അതേ സമയം ലാംഗഡിന്റെ മകള്‍ക്കൊപ്പം പഠിച്ചയാളാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും ഉപദ്രവിക്കരുതെന്നും കേണപേക്ഷിച്ചിട്ടും ലാംഗഡ് കേട്ടില്ലെന്നും ജോലി അത്യാവശ്യമായിരുന്ന താന്‍ വഴങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് പൊലീസില്‍ ജോലിയില്‍ കയറിയ ശേഷം യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ഗുണ്ടകളെ ഇറക്കി വധിക്കുമെന്ന് ഭീഷണി മുഴക്കിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നിര്‍ബന്ധിപ്പിച്ചും പീഡിപ്പിച്ചതായും എഫ്.ഐ.ആറില്‍ യുവതി ആരോപിക്കുന്നു. തുടര്‍ച്ചായായി പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറയുന്നു. 30 ലക്ഷം രൂപവരുന്ന തന്റെ ഭൂമി ലാംഗഡ് തട്ടിയെടുക്കുകയും തനിക്ക് 4.5 ലക്ഷം രൂപ മാത്രം നല്‍കുകയുമായിരുന്നു.
പിന്നീട് പ്രതിഷേധിച്ചപ്പോള്‍ ഒരു ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ ലോണ്‍ അനുവദിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ശിരോമണി അകാലിദളിന്റെ പ്രധാന നേതാക്കളിലൊരാളായി കണക്കാക്കുന്ന ലാംഗഡിനെതിരായ സ്ത്രീപീഡന കേസ് ഗുര്‍ദാസ്പൂരില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിന് കനത്ത ആഘാതമാണ്.

chandrika: