X
    Categories: MoreViews

മന്ത്രി ശൈലജ കുരുക്കിലേക്ക്

 

തിരുവനന്തപുരം: ഇടതുമന്ത്രിസഭയെ വിടാതെ വിവാദങ്ങള്‍ പിന്തുടരുന്നു. ഏറ്റവും ഒടുവില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചികിത്സാ വിവാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്. മന്ത്രിയും കുടുംബവും ചട്ടവിരുദ്ധമായി സര്‍ക്കാറിന്റെ പണം ചെലവിട്ടുവെന്നാണ് ആരോപണം. ചികിത്സാ വിവരങ്ങളും സര്‍ക്കാറില്‍ സമര്‍പ്പിച്ച റീ ഇംപേഴ്‌സ്‌മെന്റ് രേഖകളും വിവരാവകാശനിയമപ്രകാരം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മന്ത്രിക്കെതിരെ വിജിലന്‍സിന് മുന്നില്‍ പരാതിയും എത്തിയിട്ടുണ്ട്. രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.
മന്ത്രിയും കുടുംബവും സ്വകാര്യ ആസ്പത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്കുകള്‍. മന്ത്രിക്കായി തിരുവനന്തപുരത്തെ കടയില്‍നിന്ന് 28,000 രൂപക്ക് കണ്ണട വാങ്ങിയതും വിവാദത്തിലായി. ഭര്‍ത്താവിന്റെ ചികിത്സക്കിടെ ഭക്ഷണസാധനങ്ങളുടെ ബില്‍ അടക്കം മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിനായി സമര്‍പ്പിച്ച് പണം കൈപ്പറ്റിയെന്ന് കാണിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ. ഭാസ്‌കരന്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഭക്ഷണം കഴിച്ച 2695 രൂപയുടെ ബില്ലാണ് ഇത്തരത്തില്‍ മാറിയെടുത്തത്.
2016 സെപ്തംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഭാസ്‌കരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി. 7150 രൂപ പ്രതിദിന വാടകയുള്ള സ്യൂട്ട് റൂമാണ് ആസ്പത്രിയില്‍ മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. ഭാസ്‌കരന്‍ തന്നെമാത്രം ആശ്രയിച്ച് ജീവിക്കുന്നുവെന്നും അദ്ദേഹം തൊഴില്‍രഹിതനാണെന്നും ഇതിനായി മന്ത്രി സത്യപ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സമയത്ത് ഭാസ്‌കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപക പദവിയില്‍നിന്ന് വിരമിച്ചയാളാണ് ഭാസ്‌കരന്‍. സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നയാളെ ആശ്രിതനായി കാണിച്ചത് തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മന്ത്രിയുടെ നടപടിക്കെതിരേ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ് വിജിലന്‍സില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

chandrika: