X
    Categories: indiaNews

ലോക്ഡൗണിനിടെ മരിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മണ്‍സൂണ്‍ സമ്മേളനത്തിനായി ചേര്‍ന്ന ലോക്‌സഭയില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് കാല്‍നടയായും മറ്റും സ്വദേശങ്ങളിലേക്ക് തിരിച്ചത്. അനാരോഗ്യം മൂലവും അപകടങ്ങളില്‍പെട്ടും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായമോ നഷ്ടപരിഹാരമോ സര്‍ക്കാര്‍ നല്‍കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ മരിച്ച തൊഴിലാളികളുടെ ആകെ എണ്ണമോ സംസ്ഥാനം തിരിച്ച് മരണം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ അറിയിച്ചു.

1.04 കോടിയിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 34.4 ലക്ഷം പേര്‍ തിരിച്ചെത്തി. ബിഹാറില്‍ 15 ലക്ഷം പേരും രാജസ്ഥാനില്‍ 13 ലക്ഷം പേരും തിരിച്ചെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിനായി ഇന്ത്യന്‍ റെയില്‍വേ 4,611 ശ്രമിക് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തി. 63.07 ലക്ഷം തൊഴിലാളികളെ യു.പി, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചു. തൊഴിലാളികളുടെ യാത്രക്കായും അല്ലാത്തവരെ പാര്‍പ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം റെയില്‍ വേ ശ്രമിക് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതു വരെ 80 ഓളം തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്.

chandrika: