ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന് വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട് നിർദേശിച്ചു.
ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന് മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും 23ന് പരിഗണിക്കും.
കേസ് അന്വേഷിച്ച കീഴ്വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന വിമർശനം ഉന്നയിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ആരോപണത്തെ തുടർന്ന് രാജിവെച്ച സജി ചെറിയാൻ അന്തിമ റിപ്പോർട്ടിന് പിന്നാലെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.
‘‘ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്‍റെ മൂലയിലുണ്ട്’’, എന്നീ പ്രയോഗങ്ങൾ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ് ഹരജിയിൽ പറയുന്നത്. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനത്തിലെത്തിയതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി സംശയിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രസംഗം റെക്കോഡ് ചെയ്ത പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനുമുമ്പ് എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. ഈ കേസ് തെളിയിക്കാൻ ഫോറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്നാണ് സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇതിന് മറുപടി നൽകിയത്.
മന്ത്രിയുടെ പ്രസംഗത്തിൽ അപാകത തോന്നിയില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഹരജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, മുമ്പ് കേട്ട പ്രസംഗത്തിലെ വാക്കുകൾ പിന്നീട് ഓർത്തിരിക്കണമെന്നില്ലെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക പദവിയിലുള്ളവർ വാക്കുകൾ പരിധിവിടാതെ ശ്രദ്ധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടത്.